പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളില്‍ അർധരാത്രി പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ സ്ഥലത്ത് രാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടി.
കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട സംഘർഷമുണ്ടായി. സിപിഎം ബിജെപി പ്രവർത്തകർ ഒരു വശത്തും കോണ്‍ഗ്രസ് മറുവശത്തുമായി പലതവണ കയ്യാങ്കളിയുണ്ടായി. ഹോട്ടലിനും അകത്തുവച്ചും പുറത്തുവച്ചും പ്രവർത്തകർ ഏറ്റുമുട്ടി.
സ്ഥലത്ത് ആവശ്യത്തിന് പൊലീസുകാർ ഉണ്ടായിരുന്നില്ല. എന്നാല്‍ സാധാരണ പരിശോധനയെന്ന് പൊലീസ് പറഞ്ഞു. വനിതാ പൊലീസില്ലാതെ ഇല്ലാതെ മുറികളില്‍ കടന്നുകയറാൻ ശ്രമിച്ചെന്ന് ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആരോപിച്ചിട്ടുണ്ട്. ആരുടേയും പരാതി ഇല്ലാതെയാണ് പരിശോധന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
എല്ലാ ആഴ്ചയും ഇലക്ഷന്‍റെ ഭാഗമായി നടക്കുന്ന പരിശോധന ആണിത്. എപ്പോഴും വനിത പൊലീസ് ഉണ്ടാകണമെന്നില്ല, വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ആ മുറി പരിശോധിച്ചില്ല. ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ചത് ഭർത്താവ് കൂടെയുള്ളപ്പോഴാണ്. ഈ ഹോട്ടല്‍ മാത്രല്ല പല ഹോട്ടലിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എസിപി പറഞ്ഞു. കള്ളപ്പണം ഉണ്ടെന്ന ഒരു വിവരം പൊലീസിന് ലഭിച്ചിട്ടില്ലെന്നും എസിപി അശ്വനി മാധ്യമങ്ങളോട് വ്യക്തമാക്കി.