എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം; എസ് സോമനാഥിനും ഭുവനേശ്വരിക്കും കേരള പ്രഭ; സഞ്ജുവിന് കേരള ശ്രീ

സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം.
എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായി. 

കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസണ്‍ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സർക്കാർ നല്‍കുന്ന പുരസ്കാരമാണ് ഇത്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകള്‍ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാല്‍ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങള്‍ക്കായി സർക്കാരിനു നാമനിർദേശം നല്‍കിയത്.
Previous Post Next Post