കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് 40,4619 വോട്ടിന്റെ ആധികാരിക ജയം. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം കന്നി മത്സരത്തില്‍ തന്നെ പ്രിയങ്ക മറികടന്നു. വയനാട്ടിലും റായ് ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി റായ് ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ആകെ പോള്‍ ചെയ്തതില്‍ 6,12,020 വോട്ടാണ് പ്രിയങ്ക നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സത്യന്‍ മൊകേരിക്ക് 2,074,01 വോട്ടാണ് ലഭിച്ചത്. ബിജെപിയിലെ നവ്യ ഹരിദാസ് 1,08080 വോട്ട് നേടി.
അറുപത്തിയഞ്ചിലേറെ ശതമാനം വോട്ടും സ്വന്തം പെട്ടിയിലാക്കി തിളങ്ങുന്ന ജയമാണ് പ്രിയങ്ക വയനാട്ടില്‍ നേടിയത്. സത്യന്‍ മൊകേരി 22.04 ശതമാനം വോട്ടു നേടിയപ്പോള്‍ നവ്യ ഹരിദാസിനു ലഭിച്ചത് 11.48 ശതമാനം വോട്ട്.
കഴിഞ്ഞ തവണ മുന്നണി സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടിനൊപ്പമെത്താന്‍ സത്യന്‍ മൊകേരിക്കും നവ്യയ്ക്കും ആയില്ല. രാഹുലിനെതിരെ മത്സരിച്ച ആനി രാജ 2,83,023 വോട്ടു നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ അന്നു നേടിയത് 1,41,045 വോട്ടാണ്.
വയനാട്ടില്‍ നോട്ട 5328 വോട്ടു നേടി. 16 സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സര രംഗത്ത് ഉണ്ടായിരുന്നത്.
