ഇന്ത്യ- ദക്ഷിണാഫ്രിക്ക നിർണായക മൂന്നാം ടി20 ഇന്ന്



സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി 20 മത്സരം ഇന്ന് നടക്കും. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം 8.30 നാണ് മത്സരം ആരംഭിക്കുക. നാലു മത്സര പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരം ഇന്ത്യ 61 റണ്‍സിന് വിജയിച്ചപ്പോള്‍, രണ്ടാം ടി 20 മൂന്നു വിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക ഒപ്പമെത്തുകയായിരുന്നു.

ഫാസ്റ്റ് ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചാണ് സെഞ്ചൂറിയനിലേത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബാറ്റിങ്ങ് നിര മികച്ച ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തലവേദന. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്‌കോറിന്റെ നെടുന്തൂണായത്. രണ്ടാം മത്സരത്തില്‍ സഞ്ജു പൂജ്യത്തിന് പുറത്തായി.

വിജയത്തോടെ പരമ്പരയില്‍ തിരിച്ചെത്താനാണ് ഇന്ത്യന്‍ ടീമിന്റെ ശ്രമം. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓള്‍റൗണ്ടര്‍ രമണ്‍ദീപ് സിങ് ഇന്ന് കളിച്ചേക്കും. പേസ് ബൗളര്‍ ആവേശ് ഖാന് പകരം വിജയകുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവരില്‍ ഒരാള്‍ ഇടംപിടിച്ചേക്കും. രണ്ടാം കീപ്പര്‍ ജിതേഷ് ശര്‍മ്മയെ കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം വിജയം തുടരുക ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

Previous Post Next Post