'ആന്റണി രാജുവിന്റെ ഗൂഢാലോചന'; കൂറുമാറ്റത്തിന് 100 കോടി കോഴ, ആരോപണം തള്ളി എന്‍സിപി കമ്മീഷന്‍

കൂറുമാറ്റത്തിന് 100 കോടി കോഴയെന്ന ആരോപണം തള്ളി എന്‍സിപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. തോമസ്, ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത് ചൂണ്ടിക്കാട്ടി നാലംഗ പാര്‍ട്ടി കമ്മിഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. 

ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയാണെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നല്‍കിയ മൊഴി. എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ 100 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു തോമസ് കെ തോമസിനെതിരെയുള്ള ആരോപണം. എന്നാല്‍ അങ്ങനെയൊരു വാഗ്ദാനം ഇല്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ മൊഴി നല്‍കിയതും ആന്റണി രാജു അന്വേഷണത്തോട് സഹകരിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയെന്ന് മൊഴി നല്‍കിയ തോമസ്, കുട്ടനാട് സീറ്റിന്റെ പേരില്‍ തന്നോടും സഹോദരന്‍ തോമസ് ചാണ്ടിയോടും ജനാധിപത്യ കേരള കോണ്‍ഗ്രസിന് വിരോധമുണ്ടെന്നും പറഞ്ഞു.

പാര്‍ട്ടി റിപ്പോര്‍ട്ട് ആയുധമാക്കി ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് എന്‍സിപിയുടെ അടുത്ത നീക്കം. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എകെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് പി സി ചാക്കോ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടേക്കും.
Previous Post Next Post