ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്; ബുള്ളറ്റ് ട്രെയിനിന്റെ ടോപ് സ്പീഡ് എത്ര?, റൂട്ട് എങ്ങനെ?



അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ നിര്‍ദിഷ്ട ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിന് ഈ വര്‍ഷം അവസാനം തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്. മുംബൈ- അഹമ്മദാബാദ് ട്രാക്കിലാണ് പരീക്ഷണ ഓട്ടം നടത്തുക. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസിന്റെ ബ്ലൂപ്രിന്റിന് ഏകദേശം രൂപമായി. ട്രെയിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ റെയില്‍വേ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

2024 അവസാനത്തോടെ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍, 2027 ഓടെ ട്രെയിന്‍ പ്രവര്‍ത്തനക്ഷമമാകും. എന്നിരുന്നാലും, സമയക്രമത്തെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇന്ത്യന്‍ റെയില്‍വേ ഇതുവരെ പുറത്തുവിട്ടിട്ടില്ല .

തദ്ദേശീയമായി നിര്‍മ്മിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറില്‍ 320 കിലോമീറ്ററായിരിക്കും. എന്നാല്‍ വാണിജ്യപരമായി സര്‍വീസ് നടത്തുമ്പോള്‍ വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആകാനാണ് സാധ്യത. ജപ്പാന്റെ Shinkansen E5 ട്രെയിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ റെയില്‍വേ രൂപം നല്‍കിയത്.

നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനാണ്. ഹൗറ- അമൃത്സര്‍ മെയിലാണ് ഏറ്റവും കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ സര്‍വീസ്.

Previous Post Next Post