പത്തനംതിട്ട: എഡിഎം നവീന്‍ മരിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കല്ടകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് മലയാലപ്പുഴ മോഹനന്‍. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയില്‍ കലക്ടറാണ് യോഗത്തിലേയ്ക്ക് വിളിച്ചു വരുത്തിയതെന്ന് പറയുന്നുണ്ട്. ഇത് മുമ്പ് തന്നെ തങ്ങള്‍ പറഞ്ഞതാണ്. അപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''പരാതി കൊടുത്തുവെന്ന് പറയുന്നതെല്ലാം വ്യാജമാണ്. കൃത്രിമമായി വ്യാജരേഖ ചമച്ചതാണ്. ആദ്യം മുതലേ ദുരൂഹതയുണ്ടെന്ന് പറയാന്‍ കാരണം, രാവിലെ നവീന്‍ ഇറങ്ങാന്‍ തീരുമാനിച്ചതാണ്. കലക്ടര്‍ അത് തടഞ്ഞു. നവീന് പകരം ചുമതലയെടുക്കേണ്ട ആള്‍ വന്നതിന് ശേഷം മാത്രമേ പോകാന്‍ പറ്റൂ എന്ന് പറയുകയായിരുന്നു. യാത്രയയപ്പ് വേണ്ട എന്ന് വ്യക്തമായി നവീന്‍ പറഞ്ഞതാണ്. രാവിലെ തീരുമാനിച്ച യാത്രയയപ്പ് ഒരു കാരണവുമില്ലാതെ വൈകിട്ടത്തേയ്ക്ക് മാറ്റുകയായിരുന്നു. അപ്പോഴും വൈകിട്ട് ആറ് മണിക്ക് പോകേണ്ട കാര്യം നവീന്‍ പറഞ്ഞിരുന്നു. പക്ഷേ, നിര്‍ബന്ധപൂര്‍വം യോഗത്തില്‍ ഇരുത്തുകയായിരുന്നു. എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ അന്ന് ഒരു ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇല്ലെങ്കില്‍ ചിലപ്പോള്‍ നവീന്‍ ജീവിച്ചിരുന്നേനെ. കലക്ടര്‍ ലീവ് കൊടുക്കാതെ ഒരുപാട് നവീനെ ബുദ്ധിമുട്ടിച്ചിരുന്നു,'' എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം.