ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേരുടെ പരിക്ക് ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മരിച്ചവരില്‍ ഒരു ഡോക്ടറും ആറു തൊഴിലാളികളും ഉള്‍പ്പെടുന്നു. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.
ശ്രീനഗർ–ലേ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്തു കടന്നാണ് രണ്ടു ഭീകരർ വെടിയുതിർത്തത്. ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രദേശം പൊലീസും സുരക്ഷാ സേനയും വളഞ്ഞിരിക്കുകയാണ്.
പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ലഫ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി.