'വിജയസാധ്യത സരിന്'; അംഗീകാരം നല്‍കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്



പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പി സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഏകകണ്ഠമായിട്ടായിരുന്നു തീരുമാനം. മുതിര്‍ന്ന നേതാവ് എകെ ബാലനും മന്ത്രി എംബി രാജേഷും യോഗത്തില്‍ പങ്കെടുത്തു. വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

വിജയസാധ്യത കൂടുതല്‍ ഉള്ളത് സരിനാണെന്ന് ജില്ല സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് കഴിയുമെന്നും അതുകൊണ്ട് അനുകൂല സാഹചര്യം ഉപയോഗിക്കണമെന്നതുമായിരുന്നു യോഗത്തിന്റെ നിലപാട്. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മറ്റി യോഗം ചേരും. തുടര്‍ന്ന് മണ്ഡലം കമ്മറ്റി യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. അതേസമയം, സരിന്‍ പാര്‍ട്ടി ചിഹ്നത്തിലാകുമോ മത്സരിക്കുകയെന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തല്‍ തീരുമാനം ജില്ലാ കമ്മിറ്റിക്ക് കൈക്കൊള്ളാമെന്നാണ് സിപിഎം സംസ്ഥാന സമിതി അറിയിച്ചിട്ടുള്ളത്.

യുഡിഎഫ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് സരിന്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ പാലക്കാട് മണ്ഡലം ചുമതലയുള്ള എന്‍എന്‍ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ സരിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനിടെ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിനു തുടക്കമിട്ടു. ഇന്നലെ മണ്ഡലത്തിലെത്തിയ രാഹുലിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പിന്നാലെ തുറന്ന ജീപ്പില്‍ റോഡ് ഷോയും നടത്തി.ബിജെപി സ്ഥാനാര്‍ഥിയേയും ഉടന്‍ പ്രഖ്യാപിച്ചേക്കും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഇന്ന് ജില്ലയില്‍ ഉണ്ട്.

Previous Post Next Post