പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വയനാട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി സത്യന് മൊകേരി, എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് എന്നിവരാണ് ഇന്ന് പത്രിക നല്‍കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിന് ഇന്ന് രാവിലെ 11 ന് പാലക്കാട് ആര്‍ഡിഒ ശ്രീജിത്ത് മുമ്പാകെ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, വിമത സ്ഥാനാര്‍ത്ഥിയായ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ ഷാനിബ് എന്നിവരും ഇന്ന് പത്രിക നല്‍കും.
പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ ചേലക്കരയില്‍ മൂന്നു മുന്നണി സ്ഥാനാര്‍ത്ഥികളും ഇന്നലെ പത്രിക നല്‍കിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. 28 ന് സൂക്ഷ്മ പരിശോധന നടക്കും.
