പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണത്തില്‍ വൻ ട്വിസ്റ്റ്; നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ജീവനക്കാരൻ തന്നതെന്ന് മൊഴി


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ട്വിസ്റ്റ്. ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്ന് പിടിയിലായ ഗണേശ് ജാ പൊലീസിന് മൊഴി നല്‍കി.

പൂജാ പാത്രം പുറത്ത് കൊണ്ടു പോയപ്പോള്‍ ആരും തടഞ്ഞതുമില്ലെന്ന് ഗണേശ് ജാ ഹരിയാന പൊലീസിനോട് പറഞ്ഞു. ആരെങ്കിലും വിളിച്ചിരുന്നുവെങ്കില്‍ മടക്കി നല്‍കിയേനെയെന്നും പറഞ്ഞ ഗണേശ് ജാ ഹോട്ടലില്‍ നിന്നും പാത്രം പൊലീസിന് കൈമാറി. അതേസമയം, പിടിയിലായ പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തിക്കും.

13 ന് നടന്ന മോഷണം,15 നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചത്. സിസിടിവി പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്.
താമസിച്ച ഹോട്ടലില്‍ പാസ്പോർട്ട് വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. സ്ത്രീകളടക്കം സംഘത്തിലുണ്ട്. അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. 

Previous Post Next Post