അഞ്ച് തവണ തുടർച്ചയായി മുഖത്ത് അടിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് യുവതിയുടെ മർദനം, പരാതി



കൊച്ചി: കെഎസ്ആർടിസി ഡ്രൈവറെ ഇരുചക്ര വാഹന യാത്രക്കാരി മർദിച്ചതായി പരാതി. ചെങ്ങന്നൂരിൽ നിന്ന് പെരിന്തൽമണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവർ ഷാജു ആണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ചാലക്കുടി സ്വദേശിയായ യുവതിക്കെതിരെ ഷാജു പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം വൈകിട്ട് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. ബൈക്ക് ബസ്സിനു മുന്നിൽ നിർത്തിയ കാര്യം തിരക്കിയതിന് മുഖത്തു അടിക്കുകയായിരുന്നു എന്നാണ് ഷാജുവിന്റെ പരാതി. അഞ്ച് തവണ തുടർച്ചയായി മുഖത്തടിച്ചു എന്നാണ് ഡ്രൈവർ പറയുന്നത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3500 രൂപ കെഎസ്ആർടിസിക്ക് നഷ്ടം വരുത്തിയതിനുമാണ് കേസ്.

എന്നാൽ ഡ്രൈവർക്കെതിരെ യുവതിയും രം​ഗത്തെത്തി. ബൈക്കിന് പിന്നിൽ ഇടിച്ച ശേഷം നിർത്താതെ പോയ ബസ്സിനെ തടഞ്ഞു നിർത്തി പ്രതികരിക്കുകയാണ് താൻ ചെയ്തത് എന്നാണ് യുവതി പറയുന്നത്.

Previous Post Next Post