കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് വ്യാജ ബോംബ് ഭീഷണിയെത്തിയത് രണ്ട് വിമാനങ്ങള്‍ക്ക്..


കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് വ്യാജ ബോംബ് ഭീഷണിയെത്തിയത് രണ്ട് വിമാനങ്ങള്‍ക്ക്. ഭീഷണി സന്ദേശം എത്തുമ്ബോഴേക്കും രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തിരുന്നു.

എന്നാല്‍, പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമാവുകയായിരുന്നു. എയർ ഇന്ത്യയുടെ കൊച്ചി - ദമാം, ആകാശ് എയറിന്‍റെ കൊച്ചി - മുംബൈ വിമാനങ്ങള്‍ക്കാണ് ഇന്ന് ഭീഷണി സന്ദേശമെത്തിയത്.

ട്വിറ്ററില്‍ ലഭിച്ച ഭീഷണി സന്ദേശം നെടുമ്ബാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തുന്നതിന് മുമ്ബ് തന്നെ രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചിരുന്നു. അതേസമയം, തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാല്‍ സിവില്‍ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്‍റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയിരിക്കണമെന്ന് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ കൊച്ചിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള അലയൻസ് എയർ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു.

ഇതിനിടെ, വിമാന സർവീസുകള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണിയില്‍ അന്വേഷണം ഊർജിതമാക്കി ദില്ലി പൊലീസ്. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതടക്കം കർശന നടപടികള്‍ക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുകയാണ്. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഭൂരിഭാഗം സന്ദേശവും വന്നത് സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ്. 

Previous Post Next Post