കഞ്ചാവ് വലിക്കാന്‍ തീപ്പെട്ടി ചോദിച്ചെത്തിയത് എക്‌സൈസ് ഓഫീസില്‍; വിദ്യാര്‍ഥികള്‍ കുടുങ്ങി.

അടിമാലി: കഞ്ചാവ് വലിക്കാന്‍ തീപ്പെട്ടി ചോദിച്ച്‌ അടിമാലി എക്‌സൈസ് ഓഫീസില്‍ എത്തിയ വിദ്യാര്‍ഥികള്‍ കുടുങ്ങി.

തൃശൂരിലെ സ്‌കൂളില്‍നിന്നു മൂന്നാറിലേക്കു വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികളാണു അടിമാലി എക്‌സൈസിന്റെ നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചെത്തിയത്.

പരിശോധനയില്‍ ഇവരില്‍നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുത്തു. കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കാനുള്ള ഒസിബി പേപ്പര്‍, ബീഡി എന്നിവയും പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്ത് മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. 'ചേട്ടാ തീപ്പെട്ടിയുണ്ടോ...?' എന്ന് ചോദിച്ചു വിദ്യാര്‍ഥികള്‍ ഓഫീസിലേക്കു കയറിച്ചെല്ലുകയായിരുന്നു. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ടതും ഇറങ്ങിയോടാന്‍ ശ്രമിക്കുകയും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുകയുമായിരുന്നു.

 ഹോട്ടലില്‍ രാത്രിഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ബീഡി കത്തിക്കാന്‍ തീപ്പെട്ടി അന്വേഷിച്ച്‌ എക്‌സൈസ് ഓഫീസില്‍ അബദ്ധത്തില്‍ എത്തുകയായിരുന്നു. കേസില്‍ പിടിച്ച വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതുകണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതിയാണ് ഇവര്‍ ഓഫീസിന്റെ പിന്നിലൂടെ കയറിയത്. പിന്‍വശംവഴി പ്രവേശിച്ചതിനാല്‍ ഓഫീസ് ബോര്‍ഡ് കണ്ടില്ല.

അധ്യാപകരെ വിളിച്ചുവരുത്തി വിവരങ്ങള്‍ അറിയിച്ചശേഷം വിദ്യാര്‍ഥികള്‍ക്കു പ്രാഥമിക കൗണ്‍സിലിങ് നല്‍കി രക്ഷാകര്‍ത്താക്കളെ വിവരങ്ങള്‍ അറിയിച്ചു.

Previous Post Next Post