'17-ാം വയസ്സില്‍ പിതാവിന് വേണ്ടി വോട്ടു തേടി; എനിക്കു വേണ്ടി ഞാന്‍ വരുന്നത് ഇതാദ്യം'



കല്‍പ്പറ്റ: വയനാടിന്റെ കുടുംബമാകുന്നതില്‍ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ തന്നെ വിജയിപ്പിച്ചാല്‍ അത് ആദരവായി കണക്കാക്കും. വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. കല്‍പ്പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം യുഡിഎഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇതാദ്യമായാണ് തനിക്കു വേണ്ടി വോട്ടു തേടി പ്രചാരണം നടത്തുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.

17-ാം വയസിലാണ് പിതാവിന് വേണ്ടി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ഇന്നിപ്പോള്‍ 35 വര്‍ഷത്തോളമായി അച്ഛനുവേണ്ടിയും അമ്മയ്ക്കും വേണ്ടിയും സഹോദരന് വേണ്ടിയും മറ്റു നേതാക്കള്‍ക്ക് വേണ്ടിയും പ്രചാരണം നടത്തി. ആദ്യമായിട്ടാണ് എനിക്ക് വേണ്ടി ഒരു തെരഞ്ഞടുപ്പ് പ്രചാരണത്തിന് നിങ്ങളുടെ പിന്തുണ തേടി എത്തുന്നത്. അത് വ്യത്യസ്തമായ അനുഭവമാണ്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി അവസരം നല്‍കിയതിന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് വലിയ നന്ദിയുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഞാന്‍ വയനാട്ടിലെ മുണ്ടക്കൈയില്‍ സഹോദരനൊപ്പം വന്നു. അവിടെ എല്ലാം നഷ്ടമായവരെ കണ്ടു. ഉരുള്‍പൊട്ടലില്‍ ജീവിതം ഇല്ലാതായ മനുഷ്യരെ കണ്ടു. ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്‌നേഹം മാത്രം നല്‍കിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്. ദുരന്തമുഖത്തെ വയനാട്ടുകാരുടെ ധൈര്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു. വയനാട്ടുകാര്‍ രാഹുലിന് സ്നേഹവും ധൈര്യവും പോരാടാനുള്ള കരുത്തും നല്‍കി. സഹോദരന് നല്‍കിയ പിന്തുണയ്ക്ക് ഞാനും കുടുംബവും എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.

വയനാടുമായുള്ള ബന്ധം ഞാന്‍ കൂടുതല്‍ ദൃഡമാക്കും. വയനാട്ടിലെ രാത്രിയാത്ര നിരോധനം, മെഡിക്കല്‍ കോളേജ് തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും രാഹുല്‍ എനിക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഇത് എന്റെ പുതിയ യാത്രയാണ്. ഇതില്‍ നിങ്ങള്‍ ഓരോരുത്തരുമാണ് ഗുരുക്കന്‍മാര്‍. ഇന്ന് നിങ്ങള്‍ എന്റെ കുടുംബമാണ്. നിങ്ങള്‍ക്കൊപ്പം എക്കാലവും ഞാന്‍ ഉണ്ടാകും. ഏത് പ്രശ്‌നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്നവര്‍ അധികാരം നല്‍കിയത് ആരാണോ അവരുടെ ഇടയില്‍ വിഭജനവും വിദ്വേഷവും സൃഷ്ടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് ജീവിക്കുന്നത്. സത്യത്തിനും നീതിക്കും തുല്യതയ്ക്ക് വേണ്ടിയാണ് നമ്മള്‍ ഇന്ന് പോരാടുന്നതെന്നും പ്രിയങ്ക പറഞ്ഞു.

വയനാട്ടിലെ ജനങ്ങളുമായുണ്ടായ എന്റെ ബന്ധം എന്തായിരുന്നവെന്നു നിങ്ങള്‍ക്ക് അറിയാമെന്ന് തുടര്‍ന്ന് സംസാരിച്ച രാഹുല്‍ഗാന്ധി പറഞ്ഞു. വയനാട് എനിക്കുവേണ്ടി ചെയ്തത് എന്താണെന്ന് വാക്കുകളില്‍ പറയാന്‍ സാധിക്കില്ല. വയനാട്ടില്‍ ഇനി രണ്ടു പ്രതിനിധികളുണ്ടാകും. ഒരാള്‍ ഔദ്യോഗിക എംപിയും മറ്റൊരാള്‍ അനൗദ്യോഗിക എംപിയും ആയിരിക്കും. ഇന്ത്യയില്‍ ഒരു മണ്ഡലത്തില്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ഉള്ളത് വയനാട് മണ്ഡലത്തിലായിരിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Previous Post Next Post