ഇതാണ് കേരളം; ശ്രേയ സ്വർണക്കമ്മൽ വിറ്റു കിട്ടിയ പന്ത്രണ്ടായിരം രൂപ നൽകി; അനേയ പാവയും; കളക്ടറുടെ കുറിപ്പ്


 

യനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ അയയ്ക്കുന്നതിനെതിരെ നവമാധ്യമങ്ങളില്‍ പ്രചാരണം കൊഴുക്കുമ്പോള്‍, രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ സഹായവുമായി രംഗത്തെത്തിയ ചിത്രം വരച്ചിടുകയാണ്, പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഈ കുറിപ്പില്‍. സ്‌നേഹത്തിന്റെയും മാനവികതയുടെയും മനോഹര മാതൃകകള്‍ കൊണ്ട് ഈ നാട് തന്നെ വീണ്ടും അദ്ഭുതപ്പെടുത്തുകയാണെന്ന് കലക്ടര്‍ പറയുന്നു.

കുറിപ്പ് വായിക്കാം:

ഈ നാട് വീണ്ടും വീണ്ടും എന്നെ അദ്ഭുതപ്പെടുത്തുകയാണ്. മൂന്നു ദിവസമായി നമ്മുടെ നാട് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയായിരിക്കുകയാണ്. ആര്‍ത്തു കരയാന്‍ പോലും കഴിയാതെ മരവിച്ചിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ നമുക്ക് കാണാന്‍ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ടവരെ വേദനയോടും ഭീതിയുടെയും കാത്തിരിക്കേണ്ട അവസ്ഥ. ഇത്തരം സാഹചര്യങ്ങളില്‍ പകച്ചു നിന്നതല്ല നമ്മുടെ നാടിന്റെ ചരിത്രം. താഴ്ന്നു പോയവരെ കൈ പിടിച്ചുയര്‍ത്തുന്ന കാഴ്ചകളാണ് നാം കണ്ടത്.വയനാടിന്റെ നൊമ്പരത്തെ ഓരോ മലയാളിയും തന്റെ നൊമ്പരമായി കാണുന്നു. തോരാതെ പെയ്യുന്ന മഴ പോലെ വയനാട്ടിലേക്ക് സഹായ ഹസ്തങ്ങള്‍ നീളുന്നു. നമ്മുടെ ജില്ലയിലെ കുരുന്നുകളും ഈ പോരാട്ടത്തിന്റെ കണ്ണികളാണ്. അഞ്ചാം ക്‌ളാസുകാരി ശ്രെയ ശ്രീരാജ്, എല്‍ കെ ജി വിദ്യാര്‍ത്ഥിനി അനേയ അജിത്തും നമുക്ക് മാതൃകയാകുന്നു. വയനാട്ടില്‍ കരഞ്ഞവരുടെ കണ്ണീര്‍ സ്വന്തം കണ്ണീരായി കാണാന്‍ നമ്മുടെ കുരുന്നുകള്‍ക്ക് കഴിഞ്ഞു.

പുന്നക്കാട് മല്ലപ്പുഴശ്ശേരി സ്വദേശികളായ അജിത് കുമാര്‍ ഗ്രീഷ്മ ദമ്പതികളുടെ മകളായ അനേക അജിത് തന്റെ കുടുക്ക പൊട്ടിച്ച ദുരിതാശ്വാസത്തിലേക്ക് നല്‍കിയ തുകയും വയനാട്ടിലേ തന്റെ സഹജീവിയുടെ കണ്ണീരൊപ്പാന്‍ നല്‍കിയ പാവയും മനുഷ്യത്വത്തിന്റെ പുതു നാമ്പുകള്‍ നമ്മില്‍ വിടര്‍ത്തുന്നു.

അതുപോലെ തന്നെ മരണപ്പെട്ട മുന്‍ സൈനികന്റെ മകളായ പത്തനംതിട്ട വലഞ്ചുഴി സ്വദേശിനിയായ ശ്രെയ ശ്രീരാജ് തന്റെ രണ്ട് ഗ്രാം വരുന്ന സ്വര്‍ണ്ണ കമ്മല്‍ വിറ്റു കിട്ടിയ പണ്ട്രണ്ടായിരം രൂപ സംഭവനയായി നല്‍കിയപ്പോള്‍ പിഞ്ചു ബാല്യം പക്വതയിലേക്കെത്തിയ മനോഹര കാഴ്ച നമുക്ക് കാണാന്‍ കഴിഞ്ഞു. പത്തനംതിട്ട അമൃത വിദ്യാലയത്തിലെ ശ്രെയയും കൊഴഞ്ചേരി മുളമൂട്ടില്‍ സെന്‍ട്രല്‍ സ്‌കൂളിലെ അനേകയും നമ്മുടെ മുന്നില്‍ വലിയ മാതൃകകള്‍ ആവുകയാണ്. സ്‌നേഹത്തിന്റെയും മാനവികതയുടെയും മനോഹര മാതൃകകള്‍.

Previous Post Next Post