കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭുമിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി മൂന്നാം ദിനവും തിരച്ചില്‍ തുടരുന്നു. എന്നാല്‍ ആവശ്യത്തിനുള്ള യന്ത്രസാമഗ്രികളുടെ അപര്യാപ്തത തിരച്ചിലിന് തടസമാകുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് മുണ്ടൈക്കയില്‍ തിരച്ചില്‍ തുടരുന്ന രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കൂടുതല്‍ യന്ത്രസാമഗ്രികള്‍ ലഭിച്ചാല്‍ മാത്രമേ കടപുഴകി വീണ വന്‍മരങ്ങള്‍ വെട്ടിമാറ്റുന്നതിനും ചെളിയില്‍ മൂടിക്കിടക്കുന്ന വീടിന്റെ ടെറസുകള്‍ നീക്കം ചെയ്യാനും കഴിയുകയുള്ളുവെന്ന് അവര്‍ പറയുന്നു.
'ഞങ്ങള്‍ ഒരു വീടിന്റെ ടെറസിന് മുകളിലാണ് ഉള്ളത്. അടിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു. ഇതിനകത്ത് മൃതദേഹങ്ങള്‍ ഉള്ളതായി തോന്നുന്നു. കെട്ടിടം പൂര്‍ണമായും ചെളിയില്‍ മൂടിയിരിക്കുന്നു. ചുറ്റും കടപുഴകിയെത്തിയ മരങ്ങളും മൂടിയിരിക്കുകയാണ്' രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഹിറ്റാച്ചികള്‍ ഉണ്ടെങ്കിലും അതുമാത്രം പോരാ, വന്‍ മരങ്ങള്‍ നീക്കം ചെയ്യുന്നതിനും തകര്‍ന്ന കെട്ടിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനും കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമാണെന്നും എങ്കില്‍ മാത്രമേ തിരച്ചിലില്‍ പുരോഗതി കൈവരിക്കാനാകൂയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ന് കണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങള്‍. ചാലിയാര്‍ പുഴയുടെ വഴികളായ പനങ്കയത്തുനിന്ന് ഒരു മൃതദേഹവും പൂക്കോട്ടുമണ്ണ പാലത്തിന് സമീപത്തുനിന്ന് രണ്ടുമൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഏതാനും ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞരണ്ടുദിവങ്ങളില്‍ 100ലധികം മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്.