കോട്ടയം : ഉരുൾ കവർന്നെടുത്ത വയനാട്ടുകാർക്ക് ഉറവവറ്റാത്ത കരുതലുമായി കേരള റെഡ്ക്രോസ് സൊസൈറ്റി. വയനാടിനെ ഒറ്റപ്പെടുത്താതെ കരുതലോടെ ചേർത്തുനിർത്തിക്കൊണ്ട് അവശ്യവസ്തുക്കളായ വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും എല്ലാമായി വയനാട്ടിലേക്ക് യാത്രയാവുകയാണ് റെഡ്ക്രോസ് സൊസൈറ്റി.
കോട്ടയം റെഡ് ക്രോസ് സൊസൈറ്റി സ്വരൂപിച്ച നാല് ലോഡ് സാധനങ്ങൾ നിറച്ച ലോറികളുമായി വയനാട്ടിലേക്കുള്ള യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം കോട്ടയം ജില്ലാ കലക്ടർ ജോൺ വി. സാമുവൽ നിർവ്വഹിച്ചു. കോട്ടയം റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ജോബി തോമസ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.എസ് സുമേഷ്, യൂത്ത് റെഡ് ക്രോസ് കേഡറ്റ് (വൈ.ആർ.സി) കോർഡിനേറ്റർ സാബു കെ കുര്യൻ, ജില്ലാ മെമ്പർ വി.എ മോഹൻദാസ്, റെഡ് ക്രോസ് ഭാരവാഹികൾ, വിവിധ സ്കൂളുകളിലെ റെഡ് ക്രോസ് കേഡറ്റുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോട്ടയത്തുനിന്നും പുറപ്പെടുന്ന നാലു ലോറികൾ എറണാകുളത്തെയും മലപ്പുറത്തേയും റെഡ്ക്രോസ് സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ ശേഖരിച്ച ആറു ലോറി സാധനങ്ങളുമായി മലപ്പുറത്ത് നിന്നു ഒന്നിച്ചാണ് ദുരന്തമുഖത്തേയ്ക്ക് പോവുക.
ജൂനിയർ റെഡ്ക്രോസ്കേഡറ്റ്(ജെ.ആർസി), യൂത്ത് റെഡ് ക്രോസ് കേഡറ്റ് (വൈ.ആർ.സി) എന്നിവയുടെ വിവിധ യൂണിറ്റുകളും വിവിധ മനുഷ്യസ്നേഹികളും ചേർന്ന് സ്വരൂപിച്ച അവശ്യസാധനങ്ങളായ അരി, പയർ, പഞ്ചസാര, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിനുകൾ, ടൂത്ത് ബ്രഷ്, പേസ്റ്റ്, മെത്തകൾ, പായകൾ, തുണികൾ തുടങ്ങി പത്ത് വലിയ ലോറി നിറയെ സാധങ്ങളുമായി ആണ് റെഡ്ക്രോസ് വയനാട്ടിലേക്ക് സഹായകരങ്ങളുമായി എത്തുക. കൂടാതെ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും എത്തിച്ച സാനിട്ടറി ഐറ്റംസുകളുടെ ഒരു ലോഡും വയനാട്ടിലേക്ക് എത്തിക്കുന്നുണ്ട്. വയനാട്ടിലെ സേവനപ്രവർത്തനങ്ങൾക്കായി റെഡ്ക്രോസിന്റെ രണ്ട് ആംബുലൻസുകളും വയനാട്ടിലേക്ക് എത്തിക്കുന്നുണ്ട്.
റെഡ്ക്രോസിന്റെ വേളണ്ടിയർമാർ തുടക്കം മുതൽ സേവനപ്രവർത്തനങ്ങളിലും രക്ഷാദൗത്യത്തിലും ഏർപ്പെടുന്നുണ്ട്. എത്തിക്കുന്ന സാധനങ്ങൾ റെഡ് ക്രോസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ദുരന്തമുണ്ടായവർക്ക് നേരിട്ട് എത്തിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

