ന്യൂഡല്‍ഹി: കായിക കോടതിയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വേണ്ടി വാദിക്കുന്ന ഹരീഷ് സാല്‍വെയിലേക്കാണ് എല്ലാ ഇന്ത്യക്കാരുടേയും കണ്ണുകള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഒളിംപിക്‌സ് അയോഗ്യത സംബന്ധിച്ച് നല്‍കിയ പരാതിയില്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിഷനെ പ്രതിനിധീകരിച്ച് കായിക കോടതിയില്‍ ഹാജരാകുന്നത്.
നേരത്തെ വിനേഷിന്റെ അപ്പീല്‍ കായിക കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. വെള്ളി മെഡല്‍ അനുവദിക്കണമെന്നാണ് വിനേഷിന്റെ ആവശ്യം. പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ നാവിക സേന അംഗം കുല്‍ഭൂഷണ്‍ യാദവിന് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വെ ആയിരുന്നു.
വനിതകളുടെ 50 കിലോഗ്രാം ഗുസ്തി വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധികമുള്ളതായി കണ്ടെത്തിയതോടെ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.
കായിക രംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി 1984ലാണ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് രൂപീകൃതമായത്. 1999 മുതല്‍ 2002 വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായിരുന്നു സാല്‍വെ. ഭരണഘടനാ, വാണിജ്യ, ആര്‍ബിട്രേഷന്‍ നിയമങ്ങളിലെ അസാധാരണമായ വൈദഗ്ധ്യത്തിന് പേരുകേട്ട ഇന്ത്യയിലെ മികച്ച അഭിഭാഷകരില്‍ ഒരാളാണ്.
