ഹോക്കിയിൽ ഫൈനൽ പ്രതീക്ഷയുമായി ഇന്ത്യ ഇന്നിറങ്ങും; ജാവലിൻ ത്രോയിൽ നീരജിനും ഇന്ന് മത്സരം


 

പാരിസ്: ഒളിംപിക്‌സ്‌ ഹോക്കിയില്‍ അവസാനമായി മുഖാമുഖം നേരിട്ടപ്പോള്‍ ജയിച്ചുകയറിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് സെമിയില്‍ ജര്‍മനിയെ നേരിടും. രാത്രി 10.30നാണ് പോരാട്ടം. കഴിഞ്ഞതവണ ടോക്യോയില്‍ ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്.

പാരിസില്‍ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ രക്ഷപ്പെടുത്തലുകള്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 12 തവണ ഗോള്‍ തട്ടിമാറ്റി. ഇതുവരെ ഏഴ് ഗോളടിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് മികച്ച ഫോമിലാണ്.

ആറുകളിയില്‍നിന്ന് 19 ഗോള്‍ അടിച്ചുകൂട്ടിയാണ് ജര്‍മനിയുടെ വരവ്. എട്ടുഗോള്‍ വഴങ്ങി. ക്വാര്‍ട്ടറില്‍ കരുത്തരായ അര്‍ജന്റീനയെ കീഴടക്കിയാണ് സെമി പ്രവേശനം.

ഇന്ത്യന്‍ സ്വര്‍ണ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്ന് ജാവലിന്‍ പറത്തുന്നു. യോഗ്യതാ റൗണ്ടാണ്. കിഷോര്‍ ജെനയും മത്സരിക്കുന്നുണ്ട്. ഇരുവരും രണ്ട് ഗ്രൂപ്പിലാണ്.

നീരജിന്റെ മത്സരം പകല്‍ 3.20നാണ്. നീരജിന്റെ ഗ്രൂപ്പില്‍ പാകിസ്ഥാന്റെ അര്‍ഷാദ് നദീം, ഗ്രനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്. ജര്‍മനിയുടെ മാക്‌സ് ഡെനിങ് എന്നിവര്‍ ഈഗ്രൂപ്പിലാണ്. 19കാരനായ ഡെനിങ് ഈ വര്‍ഷം 90.20 മീറ്റര്‍ താണ്ടി അത്ഭുതപ്പെടത്തിയിരുന്നു. ടോക്യോവില്‍ 87.58 മീറ്റര്‍ താണ്ടിയാണ് നീരജ് സ്വര്‍ണം നേടിയത്.

Previous Post Next Post