രാജിവെച്ച ബം​ഗ്ലാദേശ് പ്രധാനമന്ത്രി നിലവിൽ ഇന്ത്യയിൽ; യുകെയിൽ രാഷ്ട്രീയ അഭയം തേടുമെന്ന് റിപ്പോർട്ടുകൾ

 ന്യൂഡല്‍ഹി: ആഭ്യന്തര കലാപത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്ത ഷേഖ് ഹസീന ഇന്ത്യയില്‍ തുടരും. യുകെയില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ തുടരുന്നതിന് ഹസീനയ്ക്ക് താത്കാലിക അനുമതി മാത്രമാണ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാജിവച്ച ഹസീന ഇന്നലെ വൈകീട്ട് ആറുമണിയോടെ ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് ഇറങ്ങിയത്. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് സംബന്ധിച്ച് യുകെ സര്‍ക്കാരില്‍ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയ്ലി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ധാക്കയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 'ഹസീന രാജിവച്ചു, ഒരു ഇടക്കാല സര്‍ക്കാര്‍ ചുമതലകള്‍ ഏറ്റെടുക്കുന്നു. രാജ്യത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ദയവായി സഹകരിക്കുക'- ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വഖാര്‍-ഉസ്-സമാന്‍ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ കണ്ടെന്നും ക്രമസമാധാന ചുമതല സൈന്യം ഏറ്റെടുക്കുമെന്നും കരസേനാ മേധാവി പറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി ഹസീന സര്‍ക്കാരിനെതിരായി നടന്ന പ്രതിഷേധത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

Previous Post Next Post