ഇത് ജീവന്റെ വിലയുള്ള പാലം; രാത്രിയിലും വിശ്രമമില്ലാതെ സൈന്യം, മുണ്ടക്കൈയിലേക്ക് 190 അടി നീളമുള്ള ബെയ്ലി പാലം

 


കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ മുണ്ടക്കൈയില്‍ രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ സൈന്യത്തിന്റെ ബെയ്‌ലി പാലം. കനത്തമഴയും പുഴയുടെ കുത്തൊഴുക്കും അടക്കമുള്ള പ്രതികൂല കാലാവസ്ഥകള്‍ തരണം ചെയ്ത് രാത്രി മുഴുവന്‍ നിര്‍ത്താതെ അധ്വാനിച്ചാണ് സൈന്യം തകര്‍ന്നടിഞ്ഞ മുണ്ടക്കൈയിലേക്ക് സഹായത്തിന്റെ, രക്ഷയുടെ പുതിയ പാലമൊരുക്കിയത്. ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചുരല്‍മല ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് ബെയ്‌ലി പാലം.

24 ടണ്‍ ഭാരം വരെ ഈ പാലത്തിന് താങ്ങാനാകും. ഇരു കരകളിലേക്കുമായി 190 അടി നീളമുള്ള പാലമാണ് നിര്‍മ്മിച്ചത്. ഇത്രയും നീളമുള്ളതിനാല്‍, പുഴയുടെ മധ്യത്തില്‍ ഒരു തൂണോടുകൂടിയാണ് പാലത്തിന്റെ നിര്‍മ്മാണം. പാലം നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ ഡല്‍ഹിയില്‍ നിന്നും ബംഗലൂരുവില്‍ നിന്നുമാണെത്തിച്ചത്. വിമാനമാര്‍ഗം കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിച്ചശേഷം, അവിടെ നിന്നും 17 ട്രക്കുകളിലായാണ് വയനാട്ടിലെ ദുരന്തസ്ഥലത്തെത്തിച്ചത്.

ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ ഉരുക്കു ഗർഡറുകളും പാനലുകളുമാണ് ബെയ്‍ലി പാലം നിർമാണത്തിന് ഉപയോഗിക്കുന്നത്. പാലത്തിന്റെ ഘടകങ്ങൾ കൂട്ടിച്ചേർക്കാൻ പ്രത്യേക ഉപകരണങ്ങൾ വേണ്ട എന്നതും പ്രത്യേകതയാണ്. ഇരുകരകളിലും തയ്യാറാക്കുന്ന പ്ലാറ്റ്ഫോമിൽ ബെയ്‌ലി പാനലുകൾ കൂട്ടിയോജിപ്പിച്ച് അതിൽ ഉരുക്ക് ഗർഡറുകൾ കുറുകെ നിരത്തിയാണ് നിർമാണം.

ഉരുക്കുപാനലുകളെ പരസ്പരം ബന്ധിപ്പിക്കുകയും വാഹനങ്ങൾ കടന്നുപോകാൻ കഴിയും വിധം ട്രാക്ക് തയ്യാറാക്കുകയും ചെയ്യും. അതോടൊപ്പം ഇരുമ്പുതൂണുകൾ ഉപയോഗിച്ച് പാലം ബലപ്പെടുത്തുകയും ചെയ്യും. മുൻകൂട്ടി തയ്യാറാക്കിയ ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമാണ്. യുദ്ധകാലടിസ്ഥാനത്തിലാണ് പാലത്തിന്റെ നിർമാണ പ്രവൃത്തികൾ നടന്നത്.

പ്രതിരോധ സുരക്ഷാസേന (ഡിഎസ് സി ) യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതിനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല. പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ജെസിബി, ഹിറ്റാച്ചി അടക്കമുള്ള യന്ത്രങ്ങൾ മുണ്ടക്കൈയിലേക്ക് തിരച്ചിലിനായി എത്തിക്കാനാകും. അതോടെ രക്ഷാപ്രവർത്തനം കൂടുതൽ സു​ഗമമാകുമെന്ന് ദൗത്യസംഘം വിലയിരുത്തുന്നു.

Previous Post Next Post