'മേയറെ എതിര്‍ക്കുന്നവരെ നിങ്ങള്‍ കൈകാര്യം ചെയ്താല്‍ മതി; ആദരവും സ്‌നേഹവും മാത്രം'; പരസ്പരം പ്രശംസിച്ച് സുരേഷ് ഗോപിയും എംകെ വര്‍ഗീസും

 


തൃശൂര്‍: പരസ്പരം പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസും. രാഷ്ട്രീയം വ്യത്യസ്തമെങ്കിലും മേയര്‍ തന്റെ ഫണ്ട് വിനിയോഗിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ഫണ്ട് വിനിയോഗിച്ച മേയറോട് ആദരവും സ്‌നേഹവും മാത്രമാണ് തോന്നുന്നത്. മേയര്‍ക്കെതിരെ നില്‍ക്കുന്നത് ആരെന്ന് ജനത്തിന് അറിയാം അവരെ നിങ്ങള്‍ കൈകാര്യം ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനം സുരേഷ് ഗോപിയെ ജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെയാണെന്ന് മേയര്‍ പറഞ്ഞു. തൃശൂരിന്റെ വികസനത്തിനായി വലിയ വലിയ സംരംഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസിലുണ്ടെന്നും മേയര്‍ പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായാണ് സുരേഷ് ഗോപി തൃശൂരില്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നത്.

'അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂര്‍ണമായിട്ടും വേറെയാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ആ രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് ഒട്ടുമേ ഇഷ്ടമില്ലാത്ത എന്റെ രാഷ്ട്രീയം, ഒരുപക്ഷെ തെരഞ്ഞെടുത്ത് അതിന് മുന്‍പ് നോമിനേറ്റ് ചെയ്ത ഒരു പ്രതിനിധി കൊണ്ടുവന്ന ന്യായമായ കാര്യങ്ങള്‍ ജനങ്ങളുടെ സൗഖ്യത്തിലേക്കെത്തിച്ചുകൊടുത്ത മേയര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നത്. അത് ഞാന്‍ ചെയ്തുകൊണ്ടിരിക്കും. അതിന് ആരും എതിര് നില്‍ക്കില്ല. അതിന് നില്‍ക്കുന്നവര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവരെ നിങ്ങള്‍ കൈകാര്യം ചെയ്തതാല്‍ മതി. അത് ശാരീരികമായിട്ടല്ല. അത് ജനാധിപത്യത്തില്‍ നല്ലതല്ല. അവരെ നിങ്ങള്‍ നിലയ്ക്ക് നിര്‍ത്തണം. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്. ഒരുവിരല്‍ അനക്കാന്‍ നിങ്ങള്‍ നിശ്ചയിക്കുന്നത് ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാവണം എന്നുമാത്രമാണ് ഉദ്ദേശിച്ചത്.

'അദ്ദേഹത്തിന്റെ മനസിലുള്ള ഒരു പാട് പദ്ധതികള്‍ ഇലക്ഷന് മുന്‍പ്, എംപിയാകുന്നതിന് മുന്‍പുതന്നെ ചര്‍ച്ച ചെയ്തതാണ്. അത് ഇപ്പോഴുമുണ്ട്. അതിനൊക്കെയായി നമ്മള്‍ പരിശ്രമിക്കും. ദേവസ്വം ബോര്‍ഡും മേയറും അനുവാദം തന്നാല്‍ വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റും നിരന്തമായി വെള്ളം ചീറ്റിക്കുന്ന സ്പ്രിങ്കളര്‍ വച്ച് പുല്‍പ്പടര്‍പ്പ് നിലനിര്‍ത്താന്‍ കഴിയും. മനോഹരിയായി ക്ഷേത്രമൈതാനത്തെ നിലനിര്‍ത്താം, അതിനുള്ള നടപടി മേയറുടെ ഭാഗത്തുനിന്നുണ്ടാകണം'- സുരേഷ് ഗോപി പറഞ്ഞു.

'ഈ പരിപാടിക്ക് മന്ത്രിയായ ശേഷം ആദ്യമായിട്ട് വരികയാണ്. കോര്‍പ്പറേഷന്‍ ഉപഹാരം നല്‍കാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ അദ്ദേഹത്തെ വലിയ പ്രതീക്ഷയിലാണ് കാണുന്നത്. മന്ത്രിയായതിന് ശേഷം കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. കേരളത്തിന്, തൃശൂരിന് വേണ്ടി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരണം. വലിയ വലിയ പദ്ധതികള്‍ അദ്ദേഹത്തിന്റ മനസിലുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനം വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ ജയിപ്പിച്ചുവിട്ടിട്ടുള്ളത്'- മേയര്‍ പറഞ്ഞു.

Previous Post Next Post