തിരുവനന്തപുരത്ത് പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; കടയുടമക്ക് ഗുരുതരപരിക്ക്


 

തിരുവനന്തപുരം: നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീമുരുക പടക്കനിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പടക്കനിര്‍മാണ ശാല ഉടമ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സമയത്ത് ഇയാള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. രാവിലെ പത്തരയോടെ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. അതിനുശേഷമാണ് അകത്തുണ്ടായിരുന്നു ഉടമയെ പുറത്തെത്തിച്ചത്.

സാരമായി പൊള്ളലേറ്റ ഷിബുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Previous Post Next Post