വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കുവേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങളെ ഓർമിച്ച് സ്പീക്കർ എ എൻ ഷംസീർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല എന്നാണ് സ്പീക്കർ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
വിഴിഞ്ഞം തുറമുഖത്തിൻ്റെ നാള്‍വഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നല്കിയ നേതൃത്വം പോർട്ടിൻ്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയെന്നും ഷംസീർ കൂട്ടിച്ചേർത്തു.
ഷംസീറിന്റെ കുറിപ്പ് വായിക്കാം
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഇന്ന് ഒരു പുതിയ അധ്യായം ആരംഭിച്ചു.
ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
ഇതൊരു ചരിത്ര നിമിഷമാണ്.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്ബത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാനത്തിൻ്റെ വാണിജ്യ ബന്ധങ്ങള്‍ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകും.
വിഴിഞ്ഞം തുറമുഖത്തിൻ്റെ നാള്‍വഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നല്കിയ നേതൃത്വം പോർട്ടിൻ്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി.
ആദരണീയനായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകള്‍ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്ബത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.