ന്യൂഡല്‍ഹി:ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശത്തിന്റെ പേരിലായിരുന്നു നേതാക്കള്‍ ഏറ്റുമുട്ടിയത്. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുളളതല്ല ഹിന്ദുമതമെന്ന് ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ പറഞ്ഞു. ഇതോടെ സഭയില്‍ എഴുന്നേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുലിന്റെ പ്രസംഗം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞു. ഹിന്ദുക്കളെ രാഹുല്‍ അക്രമകാരികളെന്ന് വിളിച്ചത് ഗൗരവമായി കാണണമെന്നും പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയണമെന്നും മോദി പറഞ്ഞു.
പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയതോടെ രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങളാണ് രാഹുല്‍ പറയുന്നതെന്നും സ്പീക്കര്‍ പറഞ്ഞു
താന്‍ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമര്‍ശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. ഇതോടെ രാഹുല്‍ സഭാചട്ടം ലംഘിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ കൊലപാതകികളാണെന്നാണ് രാഹുല്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയെ നിലയ്ക്ക് നിര്‍ത്താന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കര്‍ വിലക്കിയിട്ടും രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയെന്ന് അമിത് ഷാ പറഞ്ഞു.
രാമജന്മഭൂമി തന്നെ ബിജെപിക്ക് മറുപടി നല്‍കിയെന്ന് രാഹുല്‍ പറഞ്ഞു. രാമക്ഷേത്രം പണിതിട്ടും അയോധ്യയില്‍ ബിജെപി തോറ്റു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അംബാനിയും അദാനിയും ഉണ്ടായി അയോധ്യക്കാര്‍ ആരും ഉണ്ടായില്ല. മോദി അയോധ്യയില്‍ നിന്ന് വാരാണാസിയിലേക്ക് പോയത് അവിടെ മത്സരിച്ചാല്‍ തോല്‍ക്കുമെന്നുറപ്പായതിനാലാണെന്നും അയോധ്യക്കാരെ മാത്രമല്ല ബിജെപി നേതാക്കളെയും മോദി ഭയക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
അഗ്നിവീര്‍ സേനയുടെതല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു.അഗ്നീവീര്‍ എന്നാല്‍ സര്‍ക്കാരിന് ഉപയോഗിക്കുക അതിന് ശേഷം വലിച്ചെറിയുക എന്നതാണ്. ജീവന്‍ പോയാലും ആനുകൂല്യങ്ങള്‍ നല്‍കുന്നിനല്ലെന്നും രാഹുല്‍ പറഞ്ഞു.