പൊലീസ് സ്റ്റേഷനുകളിലേക്ക് ഫോണ്‍ വിളിച്ച് ഗുണ്ടാനേതാവിന്റെ ബോംബ് ഭീഷണി. തേക്കിൻകാട് മൈതാനത്ത് ആവേശം സ്റ്റൈലില്‍ പിറന്നാള്‍ പാർട്ടി നടത്താൻ പറ്റാത്തതിലുള്ള ദേഷ്യത്തിലാണ് ഗുണ്ടാനേതാവ് ഭീഷണി മുഴക്കിയത്.
ഇന്നലെ പുലർച്ചെയാണ് വെസ്റ്റ്, ഈസ്റ്റ് സ്റ്റേഷനുകളിലേക്കും കമ്മീഷണർ ഓഫിസിലേക്കും കാപ്പ കേസ് പ്രതി സാജൻ (തീക്കാറ്റ് സാജൻ) 3 ഓഫിസുകളും ബോംബ് വച്ചു തകർക്കുമെന്നു ഭീഷണി മുഴക്കിയത്.
തന്റെ പിറന്നാള്‍ പാർട്ടി പൊളിച്ചതിനു പ്രതികാരം ചെയ്യുമെന്നും ഈസ്റ്റ് സ്റ്റേഷനും കമ്മിഷണർ ഓഫിസും ബോംബ് വച്ചു തകർക്കുമെന്നും ഭീഷണി മുഴക്കിയ ശേഷം ഗുണ്ടാനേതാവ് ഫോണ്‍ കട്ട് ചെയ്തു. 2 സ്റ്റേഷനുകളിലായി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി 3 കേസുകള്‍ രജിസ്റ്റർ ചെയ്തതോടെ ഇയാള്‍ മുങ്ങി. പീച്ചി കന്നാലിച്ചാലില്‍ സാജന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
ഭീഷണി ഗൗരവത്തോടെ കാണുന്നുവെന്നും ഗുണ്ടയ്ക്കു വേണ്ടി തിരച്ചില്‍ ഊർജിതമാക്കിയെന്നും കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. ഭീഷണിപ്പെടുത്തല്‍, പൊതുജന സേവകരെ അപായപ്പെടുത്താൻ ശ്രമിക്കല്‍, ജീവഹാനിയ്ക്ക് ഇടയാക്കുമെന്ന് വെല്ലുവിളിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സിനിമ സ്റ്റൈലില്‍ ഗുണ്ടാനേതാവിന്റെ പിറന്നാള്‍ ആഘോഷം പ്ലാൻ ചെയ്തത്. സംഭവത്തില്‍ 32 പേരാണ് പൊലീസ് പിടിയിലായത്. ഇതില്‍ 16 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. ഇവരെ പിന്നീട് വിട്ടയ്ക്കുകയും ചെയ്തു.