ബൈക്കിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ പെരുമ്പാമ്പ്; അടുത്തിടെ കണ്ണൂരിലെ മൂന്നാമത്തെ സംഭവം


 

കണ്ണൂര്‍: മഴക്കാലത്ത് വാഹനങ്ങളില്‍ പാമ്പുകള്‍ കയറി കൂടുന്നത് ഭീതി പരത്തുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ ഹെഡ് ലൈറ്റില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ കാന്റീന് മുന്‍വശത്തെ സ്റ്റാളിലെ ജീവനക്കാരനായ അരിയിലെ റഷീദിന്റെ പള്‍സര്‍ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളില്‍ നിന്ന് പെരുമ്പാമ്പിന്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിന്റെയും മലബാര്‍ എവയര്‍നെസ് ആന്‍ഡ് റസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന്റെയും (മാര്‍ക്ക്) റെസ്‌ക്യൂറായ അനില്‍ തൃച്ചംബരം ആണ് പെരുമ്പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് കാട്ടില്‍ വിട്ടയച്ചു.

ഏറെ പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിന്‍കുഞ്ഞിനെ പുറത്തെടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റഷീദ് ബൈക്ക് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പാര്‍ക്ക് ചെയ്ത വണ്ടിയുടെ മുകളില്‍ നിന്നും തൊലി പൊഴിക്കുന്ന അവസ്ഥയില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട റഷീദ് പേടിക്കുകയും ചുറ്റുമുള്ളവരെ വിളിച്ചു കൂട്ടുകയും ചെയ്തു.

ആള്‍പെരുമാറ്റം കേട്ട് പാമ്പ് വണ്ടിയുടെ ഹെഡ് ലൈറ്റിനുള്ളിലേക്ക് കയറി. തുടര്‍ന്നാണ് അനിലിന്റെ സഹായം തേടിയത്. കനത്ത മഴകാരണമാണ് ചൂടു തേടി വാഹനങ്ങള്‍ക്കുള്ളില്‍ പാമ്പുകള്‍ നുഴഞ്ഞുകയറുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കാരണത്താല്‍ മഴക്കാലത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഓടിക്കാന്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ദിവസങ്ങള്‍ക്ക് മുന്‍പ് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പെരുമ്പാമ്പ് യുവാവിനെ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇരിക്കൂറില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ അണലിയെയും കണ്ടെത്തിയിരുന്നു.

Previous Post Next Post