തൃശൂരില്‍ തോറ്റത് മേയറുടെ നിലപാട് കൊണ്ടല്ല, അത് സിപിഐയുടെ വിലയിരുത്തല്‍; പിന്തുണച്ച് സിപിഎം

 


തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം മേയറുടെ സുരേഷ് ഗോപി അനുകൂല പ്രസ്താവനയാണെന്ന് കരുതുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. ബിജെപി ജയിക്കുകയെന്നത് വളരെ മോശമാണ്. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അത് കനത്ത തിരിച്ചടിയാണെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

മേയറുടെ സുരേഷ് ഗോപി പിന്തുണയാണ് തോല്‍വിക്ക് കാരണമെന്നത് അവരുടെ വിലയിരുത്തലാണ്. കേന്ദ്രമന്ത്രിയെന്ന നിലയിലാണ് അദ്ദേഹത്തെക്കുറിച്ച് അങ്ങനെ പറഞ്ഞതെന്നും രാഷ്ട്രീയമായി അതിനെ ബന്ധപ്പെടുത്തേണ്ടെന്നും മേയര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇനി അതിനെ സംബന്ധി താനൊരു പ്രതികരണം നടത്തുന്നത് ഉചിതമാകില്ലെന്ന് വര്‍ഗീസ് പറഞ്ഞു.

അതേസമയം, തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് പദവി ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് പറഞ്ഞു. നേരത്തെയുണ്ടാക്കിയ കരാര്‍ അനുസരിച്ച് എംകെ വര്‍ഗീസിന്റെ കാലാവധി നേരത്തെ അവസാനിച്ചതാണ്. അതുകൊണ്ട് പദവി ഒഴിഞ്ഞ് അദ്ദേഹം ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന് വത്സരാജ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി ജയിച്ച എംകെ വര്‍ഗീസിനെ എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. അന്നുണ്ടാക്കിയ ധാരണ അനുസരിച്ച് ഒരു നിശ്ചിതകാലമായിരുന്നു അദ്ദേഹത്തിന് അനുവദിച്ചത്. ഒഴിയണമെന്ന നിലപാട് ഞങ്ങളും തുടരാന്‍ അനുവദിക്കണമെന്ന നിലപാട് അദ്ദേഹവും സ്വീകരിച്ചു. എന്നാല്‍ അക്കാര്യത്തില്‍ അവസാനതീര്‍പ്പുണ്ടായില്ല. ഇടതുപക്ഷമാണെന്ന് ആവര്‍ത്തിക്കുന്ന മേയര്‍ പദവി ഒഴിഞ്ഞ് മുന്നണിയില്‍ തുടരണമെന്നും വത്സരാജ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണെന്ന് പറഞ്ഞ വത്സരാജ് തുടര്‍ നടപടികള്‍ മേയറുടെ നിലപാടറിഞ്ഞ ശേഷമുണ്ടാകുമെന്നും അറിയിച്ചു. രൂക്ഷവിമര്‍ശനമാണ് വത്സരാജ് മേയര്‍ക്കെതിരെ ഉന്നയിച്ചത്. മനസില്‍ സുരേഷ് ഗോപിയോടുള്ള വലിയ ആരാധനയും അതിലൂടെ ബിജെപി രാഷ്ട്രീയത്തെ പ്രമോട്ട് ചെയ്യുന്നതുമായ പ്രവൃത്തി പാടില്ലാത്തതാണ്. ഇതില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പും പ്രതിഷേധവും ഉണ്ടെന്നും വത്സരാജ് പറഞ്ഞു.

Previous Post Next Post