വെണ്‍പാലവട്ടം അപകടത്തിന് കാരണം അമിതവേഗമെന്ന് പൊലീസ്; സ്‌കൂട്ടര്‍ ഓടിച്ച സിനിക്കെതിരെ കേസ്


 

തിരുവനന്തപുരം: വെണ്‍പാലവട്ടം മേല്‍പാലത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍നിന്നു താഴേക്ക് വീണ് യുവതി മരിച്ച അപകടത്തില്‍ കേസ് എടുത്ത് പൊലീസ്. സ്‌കൂട്ടര്‍ ഓടിച്ച സിനിക്കെതിരെയാണ്‌ കേസ് എടുത്തത്. സ്‌കൂട്ടര്‍ അമിത വേഗത്തിലായിരുന്നെന്നും അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. മരിച്ച സിമിയുടെ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

കഴക്കൂട്ടം കാരോട് ബൈപാസില്‍ വെണ്‍പാലവട്ടം മേല്‍പാലത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കോവളം വെള്ളാര്‍ സ്വദേശി സിമി (35) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ സിമിയുടെ മകള്‍ ശിവന്യ (3), സഹോദരി സിനി (32) എന്നിവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി ബാരിയറില്‍ തട്ടുകയും 20 അടിയോളം താഴെയുള്ള സര്‍വീസ് റോഡിലേക്കു മൂവരും വീഴുകയുമായിരുന്നു കൊല്ലത്ത് ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങവേ തിരുവനന്തപുരത്തേക്ക് മടങ്ങവേയായിരുന്നു അപകടം.

സര്‍വീസ് റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ തലയിടിച്ചാണു സിമിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. സിമിയുടെ ശരീരത്തിലേക്കാണ് മകള്‍ പതിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിമി അല്‍പസമയത്തിനു ശേഷം മരിച്ചു. അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Previous Post Next Post