ലഖ്‌നൗ: ഹഥ്‌റസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാന്‍ ഇടയായ ദുരന്തത്തിന് കാരണക്കാര്‍ സാമൂഹിക വിരുദ്ധരാണെന്ന് സത്സംഗിന് നേതൃത്വം നല്‍കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം നാരായണ്‍ സകര്‍ ഭോലെ ബാബ. ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോയ ഭോലെ ബാബ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരക്കു സൃഷ്ടിച്ച സാമൂഹികവിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭോലെ ബാബ അവകാശപ്പെട്ടു.
അഭിഭാഷകന്‍ മുഖേന ഇറക്കിയ കുറിപ്പില്‍, തിരക്കുണ്ടാകുന്നതിനു മുന്‍പു തന്നെ അവിടെനിന്ന് പോയിരുന്നുവെന്നും ബാബ എന്നും പറയുന്നു. ദുരന്തത്തില്‍ ദുഃഖമുണ്ടെന്നും മരണത്തില്‍ അനുശോചിക്കുന്നതായും അറിയിച്ച ബാബ, പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും ആശംസിച്ചു.
അതേസമയം, സംഭവത്തില്‍ ബാബയെ പ്രതിചേര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു.
മരിച്ചവരില്‍ 110 പേരും സ്ത്രീകളാണ്. 5 കുട്ടികളും 6 പുരുഷന്മാരുമുണ്ട്. ഹരിയാനയില്‍നിന്നുള്ള നാലും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമൊഴികെ മരിച്ചവരെല്ലാം യുപി സ്വദേശികളാണ്. വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 31 പേര്‍ക്കു പരുക്കേറ്റു. പ്രാര്‍ഥനായോഗത്തിന്റെ പ്രധാന സംഘാടകനായ ദേബ് പ്രകാശ് മധുകറിനും പേരറിയാത്ത മറ്റു 3 സംഘാടകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
മതപ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഗുരുവിന്റെ കാലിനടിയിലെ മണ്ണു ശേഖരിക്കാന്‍ അനുയായികള്‍ തിരക്കുകൂട്ടിയതാണു ഹഥ്റസില്‍ വന്‍ അപകടത്തിനു കാരണമായത്. എണ്‍പതിനായിരം പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുള്ള ചടങ്ങില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. അപകടത്തിന് പിന്നാലെ നാരായണ്‍ സകര്‍ ഭോലെ ബാബ ഒളിവിലാണ്.