താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമയെ കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ

താമരശ്ശേരിയില്‍ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈല്‍ ഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹർഷാദിനെ കണ്ടെത്തിയത്.
തട്ടിക്കൊണ്ടു പോയ സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. ഹർഷാദിന്റെ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.

ഇന്നലെ രാത്രി 8.45 ഓടെ ഹർഷാദ് പിതാവിന്റെ ഫോണിലേക്ക് വിളിച്ചു. വൈത്തിരിയില്‍ ഇറക്കി വിട്ടെന്നു ഹർഷാദ് തന്നെയാണ് അറിയിച്ചത്. ഹർഷാദിന്റെ കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. സമീപത്തെ കടയില്‍ കയറി ഫോണ്‍ വാങ്ങിയാണ് ഹർഷാദ് വിളിച്ചതെന്നും അടിവാരത്തേക്ക് ബസില്‍ യാത്ര തിരിച്ചതായി വ്യക്തമാക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. 

ഹർഷാദ് വിളിച്ച വിവരം ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. പിന്നാലെ അടിവാരത്തെത്തിയ താരശ്ശേരി പൊലീസ് രാത്രി പത്തേകാലോടെ ഹർഷാദിനെ താമരശ്ശേരിയില്‍ എത്തിച്ചു.

ഹർഷാദിനെ കാണാതായതിനു പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടരുന്നതിനിടെയാണ് തട്ടിക്കൊണ്ടു പോയവർ ഹർഷാദിനെ വഴിയില്‍ ഉപേക്ഷിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കല്‍ സ്വദേശിയായ ഹർഷാദിനെ തട്ടിക്കൊണ്ടു പോയത്. പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നു ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

തട്ടിക്കൊണ്ടു പോയ സംഘം 10 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ടു. പിന്നില്‍ സാമ്ബത്തിക ഇടപാടാണെന്നു സൂചനകളുണ്ടായിരുന്നു. അതിനിടെ ഹർഷാദിനെ കാർ കണ്ടെത്തിയിരുന്നു. കാറിന്റെ മുൻ ഗ്ലാസ് തകർന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. ആരോ വിളിച്ചപ്പോള്‍ വീട്ടില്‍ നിന്നു പുറത്തേക്ക് പോവുകയായിരുന്നുവെന്നു ഹർഷാദിന്റെ ഭാര്യ വ്യക്തമാക്കിയിരുന്നു.
Previous Post Next Post