കടല്‍ക്ഷോഭം രൂക്ഷമായിട്ടും സർക്കാർ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണമാലിയില്‍ റോഡ് ഉപരോധം. ഫോർട്ടുകൊച്ചി- ആലപ്പുഴ തീരദേശ പാത ഉപരോധിക്കുന്നത്.
പ്രായമായവര്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. പ്രശ്നത്തിന് പരിഹാരം തേടി 2019 ഒക്ടോബർ മുതല്‍ സമരരംഗത്തുള്ള ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിലാണ് സമരം.
2021ല്‍ ചെല്ലാനം കൊച്ചി തീരത്ത് 10 കി.മീറ്ററില്‍ സി.എം.എസ് പാലംവരെ കരിങ്കല്‍ഭിത്തിയും ടെട്രാപോഡും ബസാർ - വേളാങ്കണ്ണി പ്രദേശത്ത് 6 പുലി മുട്ടുകളും പുത്തൻതോട് - കണ്ണമാലി പ്രദേശത്ത് 9 പുലിമുട്ടുകളും നിർമ്മിക്കുന്നതിനായി സർക്കാർ ഭരണാനുമതി കൊടുത്തിരുന്നു. 344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 7.36 കി.മീ സ്ഥലത്ത് കടല്‍ഭിത്തിയും 6 പുലിമുട്ടുകളും നിർമ്മിച്ചപ്പോള്‍ നീക്കിവച്ചപണം തീർന്നുപോയെന്ന വാദം സ്വീകാര്യമല്ലെന്ന് ജനകീയവേദി വ്യക്തമാക്കി. അഞ്ച് വർഷമായി സമരം ചെയ്യുകയാണെന്നും പരിഹാരം കണ്ടെത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നുമാണ് സമരക്കാർ പറയുന്നത്.