ജോയി കാണാമറയത്ത്; നേവി സംഘം എത്തി

തമ്ബാനൂർ റെയില്‍വേ സ്റ്റേഷൻ വളപ്പില്‍ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47)യെ കണ്ടെത്താനുള്ള തിരച്ചില്‍ മൂന്നാം ദിവസമായ ഇന്നും തുടരും.
നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചില്‍ സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തിരച്ചിലിന് ഇറങ്ങും. 

സോണാർ ഉപയോഗിച്ച്‌ പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക. ഇന്നലെ എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തില്‍ രാത്രിയോടെ 34 മണിക്കൂർ നീണ്ട രക്ഷാദൗത്യം താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.
രക്ഷാദൗത്യത്തിനായി നാവിക സേനയുടെ അഞ്ചു പേരടങ്ങുന്ന സ്‌കൂബ സംഘമാണ് തലസ്ഥാനത്ത് എത്തിയത്. ഇപ്പോഴത്തെ പരിശോധന സ്വതന്ത്രമായി നടത്താനാണ് തീരുമാനം. മാധ്യമങ്ങളോ മറ്റ് ഉദ്യോഗസ്ഥരോ വരരുതെന്ന് നേവി അറിയിച്ചിട്ടുണ്ട്. ബ്രീഫിങ്ങിനായി ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രം നേവി ടീമിനൊപ്പം ഉണ്ടാകും. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.
Previous Post Next Post