കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.,ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. റെയില്‍വെയില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.


തിരുവനന്തപുരം :ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്ബിലെ ചിത്ര ഹോമിന്റെ പിൻവശത്തുള്ള കനാലിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. റെയില്‍വെയില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷം മൃതദേഹം കനാലില്‍ പൊങ്ങുകയായിരുന്നു.

ജീർണിച്ച അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കനാലില്‍ ശുചീകരണത്തിന് എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആമയിഴഞ്ചാൻ തോടില്‍ നാവികസേനയുടെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായ സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്. തമ്ബാനൂർ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മാറ്റാനിറങ്ങിയതായിരുന്നു ജോയ്. മാരായമുട്ടം മലഞ്ചെരുവ് വീട്ടില്‍ നേശമണിയുടെയും മേരിയുടെയും മകനാണ്.

റെയില്‍വേയുടെ കരാറുകാരൻ എത്തിച്ച തൊഴിലാളിയായിരുന്നു ജോയി.46 മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അന്ന് രാത്രി 8 മണിയോടെ ജെൻറോബോട്ടിക്സ് കമ്ബനിയുടെ ബാൻഡികൂട്ട് എന്ന റോബോട്ടിനെ ഉപയോഗിച്ചുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. രാത്രി വൈകിയും തുടർന്നു.ശക്തമായ മഴയെ തുടർന്ന് തോട്ടിലുണ്ടായ വെള്ളപ്പാച്ചിലാണ് അപകടകാരണമായത്.

Previous Post Next Post