ഡോർട്മുണ്ട്: സൂപ്പർ സബായി കളത്തിലെത്തിയ ഒലി വാറ്റ്കിൻസ് നേടിയ അവസാന നിമിഷ ഗോളിൽ നെതർലൻഡ്സിനെ വീഴ്ത്തി ഇംഗ്ലണ്ട് തുടർച്ചയായി രണ്ടാം തവണയും യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ഒടുവിൽ അവസാന ഘട്ടത്തിൽ ഓറഞ്ച് ഹൃദയം തകർത്ത് ഇംഗ്ലീഷ് ഗോൾ വന്നു. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ സ്പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നെതർലൻഡ്സിന്റെ ഗോൾ വന്നു. ബുള്ളറ്റ് ഷോട്ടിലൂടെ ഷാവി സിമോണാണ് അവർക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ 18ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി ഇംഗ്ലണ്ട് കളി ഒപ്പം പിടിച്ചു. ഹാരി കെയ്നാണ് സ്കോറർ. കളി അധിക സമയത്തേക്ക് നീളുമെന്നു തോന്നിപ്പിച്ച ഘട്ടത്തിൽ ഇംഗ്ലണ്ടിന്റെ വിജയ ഗോളും പിറന്നു.
തുടക്കം മുതൽ നെതർലൻഡ്സ് കടുത്ത ആക്രമണമാണ് നടത്തിയത്. സിമോണും ഡോൺയെൽ മാലനും കോഡി ഗാക്പോയും ഉൾപ്പെട്ട മുന്നേറ്റം വൻ ഭീഷണിയാണ് ഇംഗ്ലണ്ട് പ്രതിരോധത്തിനു മുന്നിൽ ഉയർത്തിയത്. ഇതിന്റെ ഫലമെന്നോണമായിരുന്നു സിമോണിന്റെ ഗോളും. 7ാം മിനിറ്റിൽ ഡെക്ലൻ റൈസിന്റെ കാലിൽ നിന്നു പന്ത് റാഞ്ചി മുന്നേറിയ സിമോൺ തൊടുത്ത ബുള്ളറ്റ് വേഗമുള്ള ലോങ് റെയ്ഞ്ചർ തടയാൻ ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർഡാൻ പിക്ഫോർഡിനു സാധിച്ചില്ല. പന്ത് വല തുളച്ചു കയറി.
ഒരു ഗോൾ തുടക്കത്തിൽ തന്നെ വഴങ്ങിയതോടെ ഇംഗ്ലണ്ട് ഉണർന്നു. ബുകായോ സകയും ഫിൽ ഫോഡനും ജൂഡ് ബെല്ലിങ്ഹാം പ്രത്യാക്രമണത്തിനു നേതൃത്വം നൽകി. ഹാരി കെയ്നും സകയും തുടരെ ഗോൾ ശ്രമങ്ങൾ നടത്തി. പിന്നാലെ സകയുടെ മറ്റൊരു മുന്നേറ്റം. പന്ത് നേരെ ഹാരി കെയ്നിലേക്ക്. ഒരു വോളിക്കുള്ള ശ്രമത്തിനിടെ കെയ്നിന്റെ ശ്രമം തടയാനുള്ള ഡംഫ്രിസിന്റെ ശ്രമം ഫൗളിൽ കലാശിച്ചു. റഫറി ഇംഗ്ലണ്ടിനു അനുകൂലമായി പെനാൽറ്റി നൽകി. ഇംഗ്ലീഷ് നായകന്റെ ഷോട്ട് നേരെ വലയിൽ. വാർ പരിശോധന ഏറെ നീണ്ട ശേഷമായിരുന്നു പെനാൽറ്റി അനുവദിച്ചത്.
സമനില പിടിച്ചതോടെ ഇംഗ്ലണ്ട് കൂടുതൽ കരുത്തരാകുന്ന കാഴ്ചയായിരുന്നു. ഫിൽ ഫോഡൻ മികവിലേക്ക് വന്നതോടെ അവരുടെ മുന്നേറ്റങ്ങൾക്കും മൂർച്ച കൂടി. 23ാം മിനിറ്റിൽ ഫോഡന്റെ ഒരു ഗോൾ ശ്രമം ഗോൾ വര കടന്നു എന്നു തോന്നിച്ച ഘട്ടം വരെ വന്നു. ഗോൾ കീപ്പർ പരാജയപ്പെട്ടപ്പോൾ ബോക്സിനുള്ളിൽ നിന്ന ഡംഫ്രിസ് ആ ഷോട്ട് ഗോൾ വരയുടെ മുകളിൽ തടുത്തു നിർത്തി അവിശ്വസനീയമാം വിധം പന്ത് വര കടക്കാതെ കാത്തു.
പിന്നാലെ നെതർലൻഡ്സ് മുന്നേറ്റം. അവർക്ക് അനുകൂലമായി കോർണർ. കോർണർ കിക്കിനു തല വച്ച ഡംഫ്രിസിന്റെ ശ്രമം പോസ്റ്റിൽ തട്ടി നേരിയ വ്യത്യാസത്തിൽ പുറത്തേക്ക്. ആദ്യ പകുതി തീരും മുൻപ് നെതർലൻഡ്സ് മുന്നേറ്റ താരം മെംഫിസ് ഡിപായ് പരിക്കേറ്റ് പുറത്തായത് ഓറഞ്ച് പടയ്ക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ പന്ത് കൈവശം വച്ച് കളിക്കാനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്. ഡച്ച് പട പ്രതിരോധം കടുപ്പിച്ചു. 75 മിനിറ്റുകൾ പിന്നിട്ടപ്പോഴാണ് നെതർലൻഡ്സ് ആക്രമണം ശക്തമാക്കിയത്.
തൊട്ടു പിന്നാലെ ഇംഗ്ലണ്ട് മുന്നേറ്റം. ഫിൽ ഫോഡനും കെയ്ൽ വാക്കറും ചേർന്നുള്ള മുന്നേറ്റം. പന്ത് നേരെ സാകയുടെ പക്കൽ. താരത്തിന്റെ ഷോട്ട് വലയിലും എത്തി. എന്നാൽ വാക്കർ ഓഫ് സൈഡായതോടെ അവർക്ക് ഗോൾ നിഷേധിക്കപ്പെട്ടു.
80ാം മിനിറ്റിൽ ഇംഗ്ലീഷ് പരിശീലകൻ ഗെരത് സൗത്ത്ഗേറ്റ് നടത്തിയ മാറ്റം കളിയിൽ നിർണായകമായി. ഫോഡനേയും കെയ്നിനേയും പിൻവലിച്ച് സൗത്ത്ഗോറ്റ് കോൺ പാൽമറേയും വാറ്റ്കിൻസിനേയും കളത്തിലിറക്കി. മത്സരം അധിക സമയത്തേക്ക് നീളാതിരിക്കുക എന്ന പരിശീലകന്റെ തന്ത്രം ഒടുവിൽ ഫലം കണ്ടു.
നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ള ഇടതു വിങ്ങിലൂടെ മുന്നേറി പാൽമർ നൽകിയ പാസ് ബോക്സിനുള്ളിൽ വച്ച് സ്വീകരിച്ച വാറ്റ്കിൻസ് വെട്ടിത്തിരിഞ്ഞ് പന്ത് വലയുടെ വലത് മൂലയിലേക്ക് തൊടുത്തപ്പോൾ നെതർലൻഡ്സ് പ്രതിരോധവും ഗോൾ കീപ്പറും സ്തബ്ധർ. ഇംഗ്ലണ്ട് തുടർച്ചയായി രണ്ടാം തവണയും യൂറോ ഫൈനലിൽ. കന്നി യൂറോ കിരീടത്തിലേക്ക് അവർക്ക് ഇനി വേണ്ടത് ഒറ്റ ജയം.