കോപ്പയില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി; ബ്രസീലിന് എതിരാളി ഉറുഗ്വെ; അര്‍ജന്റീനയ്ക്കെതിരെ ഇക്വഡോര്‍


 

ന്യൂയോര്‍ക്ക്: കോപ്പാ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി. അര്‍ജന്റീന, കാനഡ, വെനസ്വല, ഇക്വഡോര്‍, ഉറുഗ്വെ, പനാമ, കൊളംബിയ, ബ്രസീല്‍ ടീമുകാണ് അവസാന എട്ടില്‍ ഇടം പിടിച്ചത്. വെള്ളിയാഴ്ച അര്‍ജന്റീന ഇക്വഡോറിനെയും ഞായറാഴ്ച ബ്രസീല്‍ ഉറുഗ്വെയയും നേരിടും. കൊളംബിയയുടെ എതിരാളികള്‍ പനാമയും കാനഡയുടെ എതിരാളികള്‍ വെനസ്വലയുമാണ്.

ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. 12-ാം മിനിറ്റില്‍ റഫീന്യയുടെ ഗോളില്‍ മുന്നിലെത്തിയ ബ്രസീലിനെതിരെ ആദ്യ പകുതിയുടെ അവസാനനിമിഷം ഡാനിയല്‍ മുനോസ് നേടിയ ഗോളില്‍ കൊളംബിയ സമനില പിടിക്കുകയായിരുന്നു. ഏഴു പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കൊളംബിയ ക്വാര്‍ട്ടര്‍ പ്രവേശം. അഞ്ചു പോയന്റുള്ള ബ്രസീല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ മഞ്ഞകാര്‍ഡ് കണ്ടതോടെ ബ്രസീലിന്റെ വിനീഷ്യസിന് ക്വാര്‍ട്ടര്‍ മത്സരം നഷ്ടമാകും.

തുടക്കം മുതല്‍ തന്നെ അക്രമണോത്സുകമായ കളിയാണ് ബ്രസീല്‍ പുറത്തെടുത്തത്. തുടര്‍ച്ചായി ബ്രസീല്‍ ആക്രമണങ്ങള്‍ പന്ത്രണ്ടാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. മികച്ചൊരു ഫ്രീകിക്കിലൂടെ റഫീന്യ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍വീണതോടെ കൊളംബിയന്‍ ആക്രമണങ്ങള്‍ക്ക് ജീവന്‍വെച്ചു. 19-ാം മിനിറ്റില്‍ റോഡ്രിഗസിന്റെ ഫ്രീകിക്കില്‍ നിന്ന് സാഞ്ചസ് പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡ് വിധിച്ചു. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഡാനിയല്‍ മുനോസിലൂടെ കൊളംബിയ ഒപ്പംപിടിച്ചു. ജോണ്‍ കോര്‍ഡോബ നല്‍കിയ പന്ത് മുനോസ് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ മുന്നിലെത്താന്‍ ബ്രസീല്‍ ആക്രമണം കടുപ്പിച്ചെങ്കിലും കൊളംബിയന്‍ പ്രതിരോധം ഉറച്ചുനിന്നു. റഫീന്യയും റോഡ്രിഗോയും മികച്ച മുന്നേറ്റങ്ങള്‍ പലതും നടത്തിയിട്ടും ഫലമുണ്ടായില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററീക്ക ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാഗ്വെയെ കീഴടക്കി. ഇരു ടീമുകളും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

Previous Post Next Post