കോഴിക്കോട്: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലായാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കര്‍ണാടക സര്‍ക്കാര്‍ കേരളത്തോട് വിദ്വേഷപൂര്‍ണമായ നിലപാടാണ് സ്വീകരിക്കു്‌നതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളോട് മണ്ണിനടിയില്‍പ്പെട്ടുപോയ വാഹനത്തെയും അതിലല്‍ കുടുങ്ങിയവരെയും സംരക്ഷിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരുനടപടിയും സ്വീകരിച്ചില്ല. കര്‍ണാടക സര്‍ക്കാരിന്റെ ഭാഗുത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അപകടം നടന്ന സ്ഥലത്തേക്ക് പോകാന്‍ പോലും കര്‍ണാടകയിലെ ഫയര്‍ഫോഴ്‌സ് തയ്യാറായില്ല. കര്‍ണാടകയിലെ സംവിധാനങ്ങള്‍ ഒന്നും ഇടപെട്ടില്ല. നാലാമത്തെ ദിവസമാണ് അവര്‍ എന്തെങ്കിലും ഒരു ചെറുവിരല്‍ അനക്കാന്‍ തയ്യാറായത്. കര്‍ണാടക സര്‍ക്കാരിന്റെ ഈ തെറ്റായ നടപടിക്ക് എതിരായി ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും സുരേന്ദ്രന്‍ പറഞ്ഞു.
