ഉയിരെടുത്ത് ഉരുൾ; കണ്ണീർക്കയമായി വയനാട്; ജീവൻ പൊലിഞ്ഞവർ 63 പേർ


 

കൽപ്പറ്റ: നാടിനെ ആകെ കണ്ണീർക്കയത്തിലാക്കി വയനാട്ടിലെ ഉരുൾപൊട്ടൽ. അർധരാത്രിയിലെ ഉരുൾപൊട്ടൽ ഒന്നുമറിയാതെ കിടന്നുറങ്ങിയ നിരവധിപേരുടെ ജീവനുകളാണ് കവർന്നെടുത്തത്. മേപ്പാടിയും ചൂരൽമലയും കേരളത്തിന്റെ കണ്ണീരായി മാറുകയാണ്. ആർത്തലച്ചെത്തിയ മലവെള്ളപാച്ചിലിൽ എത്ര ജീവനുകൾ കുടുങ്ങിയിട്ടുണ്ടെന്നും നിശ്ചയമില്ല.


നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ ഒടുവിലെ കണക്കനുസരിച്ച മരണം 63 ആയി.മേപ്പാടി ആശൂപത്രിയിൽ 25 പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് സ്വകാര്യ ആശൂപത്രികളിൽ എട്ട് പേരുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് പുഴയിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവ നിലമ്പൂരിലെ സ്വകാര്യ ആശൂപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ള പാച്ചിലിൽ നിരവധിപേർ ഒഴുകിപോയിട്ടുണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു. മുണ്ടക്കൈ ഭാഗത്ത് 200ലധികം പേർ സമീപത്തുള്ള കുന്നിൻമുകളിലും റിസോർട്ടിലും അഭയം തേടിയിരിക്കുകയാണ്. പ്രദേശത്തേക്കുള്ള ഗതാഗത വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. 

പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്‌കൂളിനു സമീപവും ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. മുണ്ടക്കൈയിൽ ഒരുപാട് ആളുകൾ ഇനിയും മണ്ണിനടിയിലാണ്. രക്ഷപ്പെടാൻ വേണ്ടി ആളുകൾ പരക്കം പായുകയാണ്. അതിനിടെ പെരുവെള്ളപ്പാച്ചിൽ മരണദൂതുമായി ഇരച്ചെത്തി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്‌കൂൾ ഒന്നാകെ ചെളിവെള്ളത്തിൽ മുങ്ങി.

പാലം തകർന്നു...എത്തിപ്പെടാൻ പറ്റുന്നില്ല

മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂർണമായും തകർന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ഒട്ടേറെ കുടുംബങ്ങൾ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സൈന്യത്തിന്റെ ഹെലികോപ്റ്റർ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ഇത് വൈകുമെന്നാണ് സൂചന.വനത്തിലൂടെ സ്ഥലത്തെത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം സാധിക്കുന്നില്ല.

മുണ്ടക്കൈ മേഖലയിലെ പാലം താത്കാലികമായി പുനർനിർമിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ പറഞ്ഞു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സൈന്യത്തിന്റെ സഹായം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ആർ.ഡി മേഘശ്രീ പറഞ്ഞു. എൻഡിആർഎഫ്, ഫയർ ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകരും  പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. 
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്

വയനാട് ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ രാജൻ പറഞ്ഞു.സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ നൽകരുതെന്നും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം  ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 
Previous Post Next Post