പാരിസ്: പാരിസ് ഒളിംപിക്സിലെ അർജന്റീന- മൊറോക്കോ മത്സരത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഇൻജറി ടൈമിൽ അർജന്റീന നേടിയ സമനില ഗോൾ പിൻവലിച്ചതോടെ മത്സരത്തിൽ മൊറോക്കോയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയം. ആവേശം വാനോളം ഉയർന്ന മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.
ഇൻജറി ടൈമിന്റെ 16–ാം മിനിറ്റിലാണ് അർജന്റീന സമനില ഗോൾ നേടിയത്. സുദീർഘമായ വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷം കാണികളെയെല്ലാം ഒഴിപ്പിച്ച് ഇൻജറി ടൈമിലെ അവസാന മൂന്ന് മിനിറ്റ് കളിക്കാനായി ടീമുകൾ വീണ്ടും കളത്തിലിറങ്ങി. സമനില ഗോൾ നേടാൻ അർജന്റീനയ്ക്ക് കഴിയാതിരുന്നതോടെ മൊറോക്കോ വിജയിച്ചു.
സൂഫിയാൻ റഹിമിയുടെ ഇരട്ടഗോളിന്റെ മികവിലാണ് മൊറോക്കോ ലോകചാമ്പ്യന്മാരെ വീഴ്ത്തിയത്. 45 + 2, 51 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ഇതിൽ രണ്ടാം ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു. 68–ാം മിനിറ്റിൽ അർജന്റീനയ്ക്കായി ജ്യൂലിയാനോ സിമിയോണി ഒരു ഗോൾ മടക്കി. മത്സരത്തിൽ അനുവദിച്ച 15 മിനിറ്റ് ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യൻ മെദീന നേടിയ ഗോളിലൂടെ സമനില പിടിച്ചെന്ന ആശ്വാസത്തിലായിരുന്നു അർജന്റീന. എന്നാൽ രണ്ടു മണിക്കൂറിനു ശേഷം അധികൃതർ ഓഫ്സൈഡ് വിധിച്ച് ഗോൾ പിൻവലിക്കുകയായിരുന്നു.
