ട്വന്റി 20യിൽ ഇന്ത്യയെ ഇനി സൂര്യകുമാർ നയിക്കും


 മുംബൈ: അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമം. ഇന്ത്യയുടെ ടി20 ടീമിനെ ഇനി സൂര്യകുമാര്‍ യാദവ് നയിക്കും. ഹര്‍ദികിനു പകരം രോഹിതിന്റെ പിന്‍ഗാമിയാകാന്‍ നിയോഗം സൂര്യയ്ക്കായി.

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. രാഹുല്‍ ദ്രാവിഡിന്‍റെ പകരക്കാരനായി പരിശീലകനായി എത്തുന്ന ഗൗതം ഗംഭീറിന്‍റെ ആദ്യ പരീക്ഷണ വേദിയാണ് ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍. 5 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് പരമ്പരകളിലുള്ളത്.

ടി20 പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാകുന്നത്. ജൂലൈ 27നാണ് ആദ്യ ടി20. 28, 30, ഓഗസ്റ്റ് 2, 4 തീയതികളിലാണ് ശേഷിക്കുന്ന പോരാട്ടങ്ങള്‍. ഏകദിന മത്സരങ്ങൾ ഓ​ഗസ്റ്റ് 2, 4, 7 തീയതികളിലാണ്.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഏകദിന ടീമില്‍ ഉള്‍പ്പെട്ടു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 പോരാട്ടത്തിനുള്ള ടീമില്‍ ഇടം കണ്ടിട്ടുണ്ട്. ശ്രേയസ് അയ്യര്‍ ഏകദിന ടീമില്‍ തിരിച്ചെത്തി.

സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. താരത്തെ രണ്ട് ടീമിലേക്കും പരിഗണിച്ചില്ല. ശുഭ്മാന്‍ ഗില്ലാണ് ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ എന്നതും ശ്രദ്ധേയം. റിയാന്‍ പരാഗ് ഏകദിന, ടി20 ടീമുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹമദ്, ഹര്‍ഷിദ് റാണ.

ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമദ്, മുഹമ്മദ് സിറാജ്.

Previous Post Next Post