പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ വില്‍പനക്ക് നിരോധനം; സര്‍ക്കാര്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


 

തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ പ്രായോഗിക വശങ്ങള്‍ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ വിദഗ്ധ സംഘം രൂപീകരിച്ചത്.

ദേശാടന പക്ഷികളില്‍ നിന്നും അസുഖം ബാധിച്ച പക്ഷികളെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വില്‍പനയിലൂടെയും അസുഖം പടര്‍ന്നിരിക്കാമെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുള്‍പ്പെടെയുള്ള മറ്റു വസ്തുക്കളും ശാസ്ത്രീയമായി സംസ്‌കരിക്കാത്തത് മൂലം അവയില്‍ നിന്ന് മറ്റ് പറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചേര്‍ത്തല, തണ്ണീര്‍മുക്കം ഇന്റഗ്രേഷന്‍ ഫാമുകളിലെ സൂപ്പര്‍വൈസര്‍മാരുടെ ഒരു ഫാമില്‍ നിന്ന് മറ്റൊന്നിലേക്കുള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായിട്ടുണ്ട്. രോഗം ബാധിച്ച കാക്കകള്‍ മുഖേനയും പക്ഷിപ്പനി പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വനങ്ങളില്‍ നിന്നുള്ള വൈറസ് സാന്നിധ്യമുള്ള പക്ഷികളില്‍ നിന്നും നാട്ടിലെ താറാവുകളിലേക്കും മറ്റു കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളിലേക്കും രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇറച്ചി ആവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ബ്രോയിലര്‍ കോഴികളിലും താറാവുകളിലും വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി. വൈറസിന്റെ വിശദമായ ജനിതക പഠനം നടത്തണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Previous Post Next Post