കണ്ണീർക്കടലായി വയനാട്; മരണം 200 ആയി


 

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 200 മരണം  സ്ഥിരീകരിച്ചു. ഇതില്‍ 89 പേരെ തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

143 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 63 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.106 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. 195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 90 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. വയനാട്ടില്‍ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളതെന്നാണ് കണക്കുകകള്‍.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെ 2018ലും 2019ലും ഉണ്ടായ വലിയ പ്രളയം അതിജീവിച്ച കേരളം ഇതും അതിജീവിക്കും. ഇത്തരത്തിലുള്ള ദുരന്തത്തെ അഭിമുഖീകരിക്കാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സഹായം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Previous Post Next Post