മ്യൂണിക്ക്: യൂറോ കപ്പിലെ ആദ്യ സെമി പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് പോരാട്ടം. തീര്‍ത്തും വിഭിന്നമായ രണ്ട് ശൈലികളുടെ നേര്‍ക്കുനേര്‍ പോരാട്ടമാണിന്ന്. സ്പാനിഷ് സംഘം കടുത്ത ആക്രമണ ഫുട്‌ബോള്‍ കളിക്കുന്നു. ഫ്രാന്‍സാകട്ടെ കടുത്ത പ്രതിരോധ ഫുട്‌ബോളും.
കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഏക ടീമാണ് ലൂയീസ് ഡെലഫുണ്ടെ പരിശീലകനായ സ്‌പെയിന്‍. ഫ്രാന്‍സാകട്ടെ ഓപ്പണ്‍ പ്ലെയില്‍ ഇതുവരെ ഒരു ഗോള്‍ പോലും അടിക്കാതെ സെമിയിലെത്തിയ സംഘവും. സ്പാനിഷ് ആക്രമണം ഫ്രഞ്ച് കോട്ട പൊളിക്കുമോ എന്നതാണ് ഇന്നത്തെ മത്സരത്തെ ആവേശത്തിലാക്കുന്നത്.
ജര്‍മനിക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കട്ടയ്ക്കു നിന്ന പ്രകടനമായിരുന്നു സ്‌പെയിനിന്റേത്. ഡാനി ഓല്‍മോ, ലമിന്‍ യമാല്‍, റോഡ്രി എന്നിവരടക്കമുള്ള താരങ്ങളുടെ മികവാണ് ടീമിന്റെ കരുത്ത്.
അതേസമയം നിര്‍ണായക താരമായ ഡാനി കാര്‍വഹാലിനു ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ ഇന്നു സെമി നഷ്ടമാകും. പ്രതിരോധത്തിലേക്ക് പുതിയ താരത്തെ എത്തിക്കേണ്ടി വരും അവര്‍ക്ക്. പരിക്കേറ്റ് പുറത്തായ പെഡ്രിയുടെ വിടവും അവര്‍ക്ക് നികത്തേണ്ടതുണ്ട്.
വിങ്ങുകളിലൂടെയുള്ള നിക്കോ വില്ല്യംസ്, ലമിന്‍ യമാല്‍ എന്നിവരുടെ മുന്നേറ്റത്തെ തടയാന്‍ ഫ്രാന്‍സ് പ്രതിരോധം എന്തു തന്ത്രമെടുക്കും. മധ്യനിരയില്‍ ഫാബിയന്‍ റൂയിസും റോഡ‍്രിയും മികവോടെ കളി നിയന്ത്രിക്കുന്നതും സ്പാനിഷ് ടീമിന്‍റെ കരുത്താണ്.
മറുഭാഗത്ത് ക്യാപ്റ്റനും നിര്‍ണായക താരവുമായ കിലിയന്‍ എംബാപ്പെയുടെ ഫോം ഇല്ലായ്മയാണ് ഫ്രഞ്ച് പടയ്ക്ക് ആശങ്കയുണ്ടാക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ 20 ഷോട്ടുകളാണ് താരം ഗോള്‍ ലക്ഷ്യമിട്ട് പറത്തിയത്. ഒന്നും വലയില്‍ കയറിയില്ല. നേടിയ ഏക ഗോള്‍ താരം പെനാല്‍റ്റിയില്‍ നിന്നാണ് സ്വന്തമാക്കിയത്.
പ്രതിരോധ നിരയുടെ മിന്നും ഫോമാണ് ഫ്രാന്‍സിന്റെ ശക്തി. വില്ല്യം സാലിബ അപാര മികവോടെ പ്രതിരോധം കാക്കുന്നു. ഒപ്പം ഡയോട്ട് ഉപമക്കാനോ, ജുവല്‍സ് കുണ്ടെ, തിയോ ഹെര്‍ണാണ്ടസ് എന്നിവരും കട്ടയ്ക്ക് നില്‍ക്കുന്നു. മധ്യനിരയില്‍ അസാമാന്യ ഊര്‍ജ്ജത്തോടെ കളി മെനയുടെ എന്‍ഗോളെ കാന്‍ഡയുടെ സാന്നിധ്യമാണ് ഫ്രാന്‍സിന്‍റെ നിര്‍ണായക കരുത്ത്.
അതേസമയം പ്രതിരോധത്തില്‍ അമിത ശ്രദ്ധ കൊടുക്കുന്നതിനാല്‍ മുന്നേറ്റത്തില്‍ ടീം ഇതുവരെ സെറ്റായിട്ടില്ല. താരങ്ങള്‍ ത പരസ്പര ധാരണയും വന്നിട്ടില്ല. പ്രതിരോധം ഉറപ്പിച്ച് കൗണ്ടര്‍ അറ്റാക്കിലൂടെയും മറ്റും ഗോള്‍ എങ്ങനെയെങ്കിലും കണ്ടെത്തുക എന്നതാണ് അവര്‍ പയറ്റുന്നത്.
എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രിസ്മാന്‍ മികവിലെത്താത്തതും ഒരുപക്ഷേ ഈയൊരു തന്ത്രം പരീക്ഷിക്കാന്‍ ദെഷാംസിനെ പ്രേരിപ്പിച്ചിരിക്കാം. ഫ്രാന്‍സിന്റെ കളി ബോറടിക്കുന്നതാണെങ്കില്‍ നിങ്ങള്‍ കളി കാണേണ്ടതില്ല എന്ന നിലപാടാണ് ദെഷാംസിനു. അതില്‍ നിന്നു തന്നെ അവര്‍ കിരീടം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് കളത്തില്‍ സമര്‍ഥമായി പ്രയോഗിക്കുന്നത് എന്നു മനസിലാക്കാം.