ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക 117 താരങ്ങളെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍. 140 അംഗ സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഒപ്പമുണ്ടാകുമെന്ന് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ അിയിച്ചു. അതേസമയം 117 അംഗ പട്ടികയില്‍ ഷോട്ട് പുട്ട് താരം അഭ ഖതുവയില്ല.
ഏഴ് മലയാളികളാണ് പട്ടികയില്‍ ഉള്ളത്. പുരുഷന്‍മാരുടെ 4*400 റിലേ ടീം അംഗങ്ങളായി വൈ മുഹമ്മദ് അനസ്, വി മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യനും ട്രിപ്പിള്‍ ജമ്പില്‍ അബ്ദുള്ള അബൂബക്കര്‍, ഹോക്കി ടീമില്‍ ഗോള്‍ കീപ്പല്‍ പിആര്‍ ശ്രീജേഷ്, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ എച്ച്എസ് പ്രണോയ് എന്നിവരുമാണ് ഇടം പിടിച്ചത്. 2020 ടോക്യോ ഒളിംപിക്‌സില്‍ ഒന്‍പത് മലയാളികള്‍ ഉണ്ടായിരുന്നു.
പാരീസ് ഒളിംപിക്‌സ് സംഘാടകസമിതിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗെയിംസ് വില്ലേജില്‍ താമസിക്കാനുള്ള അനുമതി 67 പേര്‍ക്കാണെന്ന് ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ പറഞ്ഞു. മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സമീപത്തുള്ള സ്ഥലങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതായും അവര്‍ കൂട്ടിച്ചേര്ത്തു.
അത്‌ലറ്റുകളുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍. 29 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇതില്‍ 18 പുരഷന്‍മാരും 11 വനിതകളും ഉള്‍പ്പെടുന്നു. ഷൂട്ടിങില്‍ 21 പേരും ഹോക്കിയില്‍ 19 പേരുമാണ് ഉള്ളത്. ടേബിള്‍ ടെന്നീസില്‍ എട്ടുപേരും ബാഡ്മിന്റണില്‍ ഒളിംപിക്‌സ് ജേതാവ് പിവി സിന്ധു ഉള്‍പ്പെടെ ഏഴ് പേരുമാണ് മത്സരരംഗത്തുള്ളത്. ഗുസ്തി, അമ്പെയ്ത്ത്, ബോക്‌സിങ് ഇനങ്ങളില്‍ ആറ് വീതം പേരാണ് ഉള്ളത്. ഗോള്‍ഫ് (4), ടെന്നീസ് (3), നീന്തല്‍ (2), സെയിലിങ് (2), കുതിരസവാരി, ജൂഡോ,തുഴച്ചില്‍, ഭാരോദ്വഹനം എന്നിവയ്ക്ക് ഓരോ ആള്‍ വീതവുമാണ് പങ്കെടുക്കുന്നത്.