കോട്ടയം: കോട്ടയം സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിൽ ഇനി മുതൽ എല്ലാ ക്ലാസിലും ആൺകുട്ടികൾക്കും പഠിക്കാം. സ്കൂൾ വിട്ടുപിരിയാനുള്ള ദുഃഖത്തിൽ മുഹമ്മദ് സലാഹുദ്ദീൻ എന്ന എട്ടാം ക്ലാസുകാരൻ മുഖ്യമന്ത്രിക്കു നൽകിയ അപേക്ഷയ്ക്ക് പിന്നാലെയാണ് നടപടിയായത്.
132 വർഷമായി പ്രവർത്തിച്ചുവരുന്ന കോട്ടയം സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിൽ ഇനിമുതൽ ആൺകുട്ടികൾക്കും പഠിക്കാൻ നിമിത്തമായത് ഈ മുഹമ്മദ് സലാഹുദ്ദീൻ ആണ്. ഏഴാം ക്ലാസ് വരെ മാത്രം ആൺകുട്ടികൾക്ക് പ്രവേശനമുള്ള സ്കൂളിൽ പത്താം ക്ലാസ് വരെയെങ്കിലും പഠിക്കാൻ ആഗ്രഹമായിരുന്നു.. സ്കൂൾ മാനേജ്മെന്റും അധ്യാപകരും ധൈര്യം തന്നതോടെ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി.
സലാഹുദ്ദീന്റെ കൂട്ടുകാരനായ ആൽബിനും സ്കൂൾ വിട്ടു പിരിയാൻ ഏറെ ദുഃഖം ഉണ്ടായിരുന്നു. പ്രിയ വിദ്യാർത്ഥികളെ പിരിയാതെ ചേർത്തുപിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അധ്യാപകർ. മന്ത്രി വി എൻ വാസവന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ഇടപെടലിലാണ് വർഷങ്ങളായുള്ള സ്കൂളിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞതെന്ന് സ്കൂൾ അധികൃതർ പറയുന്നു.