രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്, തീരുമാനം ഇന്ത്യ സഖ്യ യോഗത്തില്‍


 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന് കെ സി വേണുഗോപാല്‍. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിവരം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി പ്രോ ടൈം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായും കെ സി വേണുഗോപാല്‍ പറഞ്ഞു.

നാളെ രാവിലെ പുതിയ സ്പീക്കറെ അറിയിക്കും. അതിന് ശേഷമാകും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുക. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയതിനാല്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ആശങ്കകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവര്‍ത്തകസമിതിയും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് ആയില്ലെങ്കില്‍ ഉത്തരവാദിത്തങ്ങളേല്‍ക്കാന്‍ രാഹുല്‍ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ദേശീയരാഷ്ട്രീയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും, ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ക്കിടയിലും സ്വീകാര്യത വര്‍ധിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതോടെ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയാറാകുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പില്‍, വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. പിന്നീട്, വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 2019ലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു പാര്‍ട്ടി പ്രസിഡന്റ് പദം രാഹുല്‍ ഒഴിഞ്ഞിരുന്നു. പാര്‍ട്ടി വിട്ടവരെ അവഗണിച്ചും ഒപ്പം നിന്നവരെ ചേര്‍ത്തുപിടിച്ചുമായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍ രാഹുലിന്റെ പോരാട്ടം. രാഷ്ട്രീയത്തില്‍ രാഹുല്‍ എത്തിയിട്ട് 20 വര്‍ഷം പിന്നിടുന്നു.


Previous Post Next Post