ഇന്ത്യ ഇന്ന് ബം​ഗ്ലാദേശിനെതിരെ; സഞ്ജു ഇന്ന് കളിച്ചേക്കും


 

ആന്റിഗ്വ: സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പോരാടാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക. ലോകകപ്പില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാത്ത ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംനേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ആരാധകര്‍. ടീമുമായി ബന്ധപ്പെട്ട് കോച്ച് ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത്തും നല്‍കിയ സൂചന സഞ്ജുവിന്റെ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

ക്യാപ്റ്റന്‍ രോഹിത്തും വിരാട് കോഹ് ലിയും ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കളികളില്‍ കണ്ടത്. ഏറെ പ്രതീക്ഷയോടെ ടീമില്‍ ഉള്‍പ്പെടുത്തിയ ശിവം ദുബെയ്ക്ക് നാലുകളികളില്‍ നിന്ന് 44 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. 83 ആണ് സ്‌ട്രൈക്ക് റേറ്റ്. ന്യൂയോര്‍ക്ക് ട്രാക്കില്‍ പുറത്താകാതെ 31 റണ്‍സ് നേടി വിജയത്തില്‍ പങ്കാളിയായതാണ് ദുബൈയുടെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച സംഭാവന. സിക്‌സ് അടിക്കാനുള്ള കഴിവ് മുന്‍നിര്‍ത്തി ടീമില്‍ ഉള്‍പ്പെടുത്തിയ ദുബൈയ്ക്ക് ഇതുവരെ രണ്ടെണ്ണം മാത്രമാണ് അതിര്‍ത്തി കടത്താന്‍ കഴിഞ്ഞത്. ഈ പശ്ചാത്തലത്തില്‍ ശിവം ദുബെയെ മാറ്റി സഞ്ജു സാംസണിന് അവസരം നല്‍കുന്നതിനെ കുറിച്ച് ടീമില്‍ ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ദുബെയെ ഒഴിവാക്കുമ്പോള്‍ ടീമിന് ഒരു ഓള്‍റൗണ്ടറെ നഷ്ടപ്പെടും. എന്നാല്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് ദുബെ പന്തെറിഞ്ഞത്. ബൗളിങ്ങിലും ശോഭിക്കാന്‍ ദുബെയ്ക്ക് സാധിച്ചില്ല. ഇതും കണക്കിലെടുത്ത് ദുബെയെ മാറ്റി സഞ്ജുവിന് ഒരു അവസരം നല്‍കിയേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിന് ശേഷം ബംഗ്ലാദേശിനെതിരെ തയ്യാറെടുപ്പ് നടത്താന്‍ രണ്ടുദിവസം മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഇതില്‍ കൂടുതലും യാത്രയ്ക്കായി നീക്കിവെയ്‌ക്കേണ്ടി വന്നതിനാല്‍ പരിശീലനത്തിന് കാര്യമായി സമയം ലഭിച്ചില്ല. കുറച്ച് നേരം സമയം ലഭിച്ചപ്പോള്‍ രോഹിതിനൊപ്പം സഞ്ജു സാംസണ്‍ ബാറ്റിങ് പ്രാക്ടീസ് നടത്തിയത് പ്രതീക്ഷ നല്‍കുന്നതാണ്. ദ്രാവിഡും രോഹിത്തും സാംസണിന്റെ നെറ്റ് സെഷനിലെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. ഇതും സഞ്ജു ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

Previous Post Next Post