ഏറ്റുമാനൂർ : വാഹനത്തിന് സൈഡ് നൽകിയില്ലെന്നു പറഞ്ഞ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് തെക്കേതടത്തിൽ വീട്ടിൽ സച്ചിൻസൺ (26), ഏറ്റുമാനൂർ പള്ളിമല ഭാഗത്ത് കല്ലുവെട്ടും കുഴിയിൽ വീട്ടിൽ ജസ്റ്റിൻ സണ്ണി (29) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഏറ്റുമാനൂർ കോണിക്കൽ ഭാഗത്ത് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പിന്തുടർന്ന് വന്ന് തങ്ങളുടെ വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞു ഇവരെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്. എച്ച്. ഓ ഷോജോ വർഗീസ്, എസ്.ഐ മാരായ സൈജു, ജയപ്രസാദ്, സി.പി.ഓ മാരായ മനോജ് കെ.പി, അജി, പ്രശാന്ത്, സുനിൽകുര്യൻ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സച്ചിൻസണും,ജസ്റ്റിൻ സണ്ണിയും ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.മറ്റു പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.
വാഹനത്തിന് സൈഡ് നൽകിയില്ലെന്നു പറഞ്ഞ് ബൈക്ക് യാത്രികരായ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏറ്റുമാനൂരിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
Malayala Shabdam News
0
Tags
Local News