കൊച്ചി: മൈക്രോ ഫിനാൻസുകാരുടെ സമ്മർദ്ദത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. പെരുമ്പാവൂർ അശമന്നൂർ പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.
ചാന്ദിനി സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പ എടുത്തിരുന്നു. ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. സ്ഥാപനത്തിലെ ജീവനക്കാരി എത്തിയപ്പോൾ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. പണം അടയ്ക്കുന്നതിൽ കുടിശികയും ഉണ്ടായിരുന്നു.
പിരിവുകഴിഞ്ഞു വരുമ്പോഴേക്കും പണം സംഘടിപ്പിച്ചു നൽകാമെന്ന് ചാന്ദിനി പറഞ്ഞതായാണ് വിവരം. സ്ഥാപനത്തിലെ ജീവനക്കാരി തിരിച്ചെത്തുന്നതിന് മുമ്പ് വീട്ടിലെത്തിയ അയൽവാസിയാണ് ചാന്ദിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
വായ്പാ തുക തിരിച്ചടക്കാൻ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ചാന്ദിനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നതായാണ് സൂചന. കേറ്ററിങ് യൂണിറ്റുകളുടെ കീഴിൽ ഭക്ഷണം വിളമ്പുന്ന ജോലിയായിരുന്നു ചാന്ദിനിക്ക്. ഭർത്താവ് വിഷ്ണു കേറ്ററിങ് സ്ഥാപനത്തിൽ ഡ്രൈവറാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.